ജിദ്ദ: വെള്ളിയാഴ്ച ജുമുഅ നിസ്കാരം കഴിഞ്ഞു മക്കയിലെ ഹറം പള്ളിയില്‍ നിന്നും ഹജ്ജ് തീര്‍ഥാടകരുടെ മടക്കം ഏറെ പ്രയാസകരമാണ്. കനത്ത ചൂടില്‍ ഇന്ത്യക്കാരായ പതിനായിരക്കണക്കിന് തീര്‍ഥാടകരുടെ ഒരേ സമയത്തുള്ള മടക്കം ഇന്ത്യന്‍ ഹജ്ജ് മിഷനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്
മക്കയിലെ ഹറം പള്ളിയില്‍ വെള്ളിയാഴ്ച ജുമുഅ നിസ്കാരം നിര്‍വഹിച്ച് മടങ്ങുന്ന തീര്‍ഥാടകരാണിത്. ഹറം പള്ളിയില്‍ നിന്നും പാര്‍ക്കിംഗ് ഏരിയയിലേക്കുള്ള ഷട്ടില്‍ സര്‍വീസുകളില്‍ തീര്‍ഥാടകര്‍ എത്തുന്നു. ഇവിടെ ഇന്ത്യന്‍ ഹജ്ജ് മിഷന്റെയും സന്നദ്ധ സംഘടനകളുടെയും വളണ്ടിയര്‍മാര്‍ ഓരോ ബസിലും കയറി ഇന്ത്യക്കാരായ തീര്‍ഥാടകരെ ബസില്‍ നിന്നിറക്കി, താമസ സ്ഥലത്തേക്ക് ഹജ്ജ് മിഷന്‍ ഏര്‍പ്പെടുത്തിയ ബസുകളില്‍ കയറ്റി വിടുന്നു. അസീസിയ കാറ്റഗറിയില്‍ ഒരു ലക്ഷത്തി പതിനായിരത്തിലേറെ ഇന്ത്യക്കാരാണ് താമസിക്കുന്നത്.
ഹറം പള്ളിയില്‍ നിന്നും താമസ സ്ഥലത്തേക്ക് പോകാന്‍ ഇവര്‍ക്ക് രണ്ട് പോയിന്‍റുകളാണ് ഇത്തവണ നിര്‍ണയിച്ചിട്ടുള്ളത്. ക്ലോക്ക് ടവറിനു താഴെ നിന്നും ഷട്ടില്‍ സര്‍വീസില്‍ കുദായി പാര്‍ക്കിങ്ങില്‍ എത്തി അസീസിയിലേക്ക് ബസ് മാറിക്കയറുന്നു ഒരുവിഭാഗം. മറ്റൊരു വിഭാഗം ബാബ് അലി ഭാഗത്ത് നിന്നും ബസില്‍ മഖ്ബസ് ജിന്ന് ഭാഗത്തെത്തി അസീസിയയിലേക്ക് പോകുന്നു.
ഷട്ടില്‍ സര്‍വീസിനു ആയിരക്കണക്കിന് ബസുകളുണ്ട്. പക്ഷെ വെള്ളിയാഴ്ചകളില്‍ ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ ഒരുമിച്ചു മടങ്ങുമ്പോള്‍ തീര്‍ഥാടകരും അവരെ നിയന്ത്രിക്കാന്‍ പോലീസും വളണ്ടിയര്‍മാരും ഏറെ പ്രയാസപ്പെടുന്നു. പ്രത്യേകിച്ച് കനത്ത ചൂട് കാലാവസ്ഥയില്‍.
