മലയാളികള്‍ ഉള്‍പ്പെടെ നൂറുക്കണക്കിനു തീര്‍ഥാടകര്‍ക്ക് മിനായില്‍ ടെന്റു ലഭിച്ചില്ലെന്ന് പരാതി. സര്‍വീസ് ഏജന്റിന് കീഴില്‍ ഹാജിമാരുടെ എണ്ണം കൂടിയതാണ് കാരണമെന്നു വിശദീകരണം.

ചൂട് കാലാവസ്ഥയായതിനാല്‍, എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെങ്കിലും മിനായില്‍ പല തീര്‍ഥാടകരും പ്രയാസം അനുഭവിക്കുന്നുണ്ട്. പല തമ്പുകളിലും ശീതീകരണ സംവിധാനം തകരാറിലായി. വഴികളില്‍ തണുത്ത വെള്ളം സ്പ്രേ ചെയ്യുന്ന പോസ്റ്റുകള്‍ ഉണ്ട്. അതേസമയം ഇന്ത്യയില്‍ നിന്നുള്ള മുന്നൂറോളം തീര്‍ഥാടകര്‍ക്ക് മിനായില്‍ ടെന്റ് ലഭിക്കാതെ പ്രയാസപ്പെടുന്നുണ്ട്. മുപ്പത്തിയോന്നാം മക്തബിനു കീഴിലുള്ള ഈ തീര്‍ഥാടകരില്‍ ഭൂരിഭാഗവും മലയാളികളാണ്. തമ്പിനു പുറത്ത് പാലത്തിനു താഴെയാണ് ഇവര്‍ക്ക് ഇപ്പോള്‍ സ്ഥലം അനുവദിച്ചിരിക്കുന്നത്. ഈ മക്തബിനു കീഴില്‍ ഹാജിമാരുടെ എണ്ണം കൂടുതലാണ് എന്നാണു സര്‍വീസ് ഏജന്റായ മുതവിഫ് പറയുന്നത്. സൌത്ത് ഏഷ്യന്‍ മുഅസ്സസയില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഇതുസംബന്ധമായ പരാതി നല്‍കിയിട്ടുണ്ട്. ഇന്നലെ ഈ തീര്‍ഥാടകര്‍ക്ക് ഫാനും, ബെഡും നല്‍കി. അതേസമയം മിനായില്‍ ഹജ്ജ് സേവനം ചെയ്തിരുന്ന ചില മലയാളി വളണ്ടിയര്‍മാരെ വഴിയില്‍ തടസ്സമുണ്ടാക്കിയതിന്റെ പേരില്‍ പോലീസ് പിടികൂടി വിട്ടയച്ചു. അതുകൊണ്ട് തീര്‍ഥാടകരുടെ നീക്കങ്ങള്‍ക്ക് ഒരു വിധത്തിലുള്ള തടസ്സവും ഉണ്ടാകാത്ത രൂപത്തിലായിരിക്കണം സേവനം ചെയ്യേണ്ടതെന്ന് സംഘടനകള്‍ വളണ്ടിയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. മലയാളി സംഘടനകള്‍ മിനായില്‍ വിതരണം ചെയ്യുന്ന കഞ്ഞി പതിനായിരക്കണക്കിന് മലയാളി ഹാജിമാര്‍ക്ക് ആശ്വാസമായി.