ഹജ്ജ് തീര്‍ഥാടകരുടെ ആരോഗ്യ പരിചരണത്തിനും പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനുമായി വിപുലമായ സംവിധാനമാണ് സൗദി ആരോഗ്യ മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. എട്ടു ലക്ഷത്തിലധികം തീര്‍ഥാടകര്‍ ഇതുവരെ സൗദിയില്‍ എത്തി. ഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീം ജുഡീഷ്യല്‍ കൌണ്‍സില്‍ പൊതു ജനങ്ങളോട് അഭ്യര്‍ഥിച്ചു.
ജിദ്ദാ വിമാനത്താവളം വഴി എത്തിയ ഹജ്ജ് തീര്‍ഥാടകരില്‍ ഇതുവരെ പകര്‍ച്ച വ്യാധി രോഗങ്ങള്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പകര്‍ച്ചവ്യാധി രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിലെ തീര്‍ഥാടകര്‍ ഹജ്ജിനു പുറപ്പെടുന്നതിനു മുമ്പ് തന്നെ പ്രതിരോധ കുത്തിവെയ്പ്പ് നടത്തണമെന്ന് നേരത്തെ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. ഇത് നിരീക്ഷിക്കുന്നതിനും തീര്‍ഥാടകരുടെ ആരോഗ്യ പരിചരണത്തിനുമായി വിമാനത്താവളം, സീപോര്‍ട്ട് തുടങ്ങി എല്ലാ പ്രവേശന കവാടങ്ങളിലും പ്രത്യേക കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യമുള്ള തീര്‍ഥാടകര്‍ക്ക് തുള്ളിമരുന്നുകള്‍ ഇവിടെ നിന്നും നല്‍കും.
ആഭ്യന്തര തീര്‍ഥാടകര്‍ക്ക് സീസണല്‍ ഇന്ഫ്ലുവന്‍സ പ്രതിരോധ കുത്തിവെയ്പ്പ് നിര്‍ബന്ധമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹജ്ജ് വേളയില്‍ മക്കയില്‍ ജോലി ചെയ്യുന്നവര്‍ക്കും കുത്തിവെയ്പ്പ് നിര്‍ബന്ധമാണ്.
പുണ്യസ്ഥലങ്ങളില്‍ റെഡ് ക്രസന്റിന് കീഴില്‍ 99ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 2459 ജീവനക്കാര്‍ ഡ്യൂട്ടിയില്‍ ഉണ്ടാകും. എട്ടു എയര്‍ ആമ്പുലന്‍സുകളും 113 ആമ്പുലന്‍സ് കേന്ദ്രങ്ങളും ഉണ്ടാകും. 290ആമ്പുലന്‍സുകളും എല്ലാ സംവിധാനങ്ങളോടെയുമുള്ള 29 മോട്ടോര്‍ സൈക്കിളുകളും സജ്ജീകരിച്ചിട്ടുണ്ട്.
വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്നലെ വരെ 866,633 തീര്‍ഥാടകര്‍ ഹജ്ജിനെത്തി. ഇതില്‍830,543 പേര്‍ വിമാന മാര്‍ഗവും ബാക്കിയുള്ളവര്‍ കര, കപ്പല്‍ മാര്‍ഗവുമാണ് സൌദിയിലെത്തിയത്.
അതേസമയം വ്യാഴാഴ്ച ദുല്‍ഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീം ജഡീശ്യാല്‍ കൌണ്‍സില്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. വ്യാഴാഴ്ച മാസം കണ്ടാല്‍ സെപ്റ്റംബര്‍ പത്ത് ശനിയാഴ്ചയും അല്ലെങ്കില്‍ പതിനൊന്ന്‍ ഞായറാഴ്ചയുമായിരിക്കും അറഫാദിനം.
