ലഖ്നൗ: ഉത്തര്‍പ്രദേശ് ലഖ്നൗവിലെ ഹജ്ജ് കമ്മിറ്റി ഓഫീസിന്റെ പെയിന്റ് വീണ്ടും മാറ്റി. ഓഫീസ് മതിലിന്റെ പെയിന്റ് കാവി നിറത്തിൽ നിന്ന് മഞ്ഞയിലേക്ക് മാറ്റി. മതിലിന് കാവി നിറം നൽകിയത് വിവാദമായതിന് പിന്നാലെയാണ് മുന്പുണ്ടായിരുന്ന മഞ്ഞനിറം തന്നെ നൽകിയത്. പെയിന്റിങ് ജോലി കരാറെടുത്ത കോൺട്രാക്ടറെ ഹജ്ജ് കമ്മിറ്റി സെക്രട്ടറി ആർപി സിങ് വിമർശിച്ചു.

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സര്‍ക്കാര്‍ ബസുകള്‍, സ്കൂള്‍ ബാഗുകള്‍, സര്‍ക്കാര്‍ ലഘുലേഖകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവയൊക്കെ കാവിനിറത്തിലാക്കിയിരുന്നു. അതിന് പിന്നാലെയാണ് കാവി നിറം ലക്നൗവിലെ ഹജ്ജ് ആസ്ഥാനത്തേക്കും എത്തിയത്. 

മഞ്ഞനിറത്തിലുള്ള കെട്ടിടത്തിന്‍റെ ചുവരും മതിലും കാവി നിറമടിച്ച് മാറ്റി. ഉത്തര്‍പ്രദേശില്‍ നിന്ന് ഹജ്ജിന് പോകുന്ന തീര്‍ത്ഥാടകര്‍ ഓരോ വര്‍ഷവും അവരുടെ യാത്ര ലക്നൗവിലെ ഹജ്ജ് ഹൗസില്‍ നിന്നാണ് തുടങ്ങാറ്.

സര്‍ക്കാരിന്‍റെ ഹിന്ദുത്വ അജണ്ടാതീരുമാനമാണ് ഇതൊക്കെയെന്ന് കോണ്‍ഗ്രസും സാമാജ് വാദി പാര്‍ടിയും കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് അനാവശ്യ വിവാദമാണെന്നും കാവി ഉന്മേഷം നല്‍കുന്ന നിറമാണെന്നും ഉത്തര്‍പ്രദേശ് ന്യൂനപക്ഷ ക്ഷേമമന്ത്രി മൊഹ്സിന്‍ റാസ പ്രതികരിച്ചിരുന്നു. ഹജ്ജ് ഹൗസിന് കാവി നിറം അടിച്ചത് കാണാന്‍ വളരെ നന്നായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.