ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ അവസാനിച്ചു. തീര്‍ഥാടക ലക്ഷങ്ങള്‍ മിനായില്‍ നിന്നും മടങ്ങി. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നല്‍കി, നവജാത ശിശുവിനെ പോലെ പാപമുക്തി നേടി തീര്‍ഥാടക ലക്ഷങ്ങള്‍ തമ്പുകളുടെ നഗരമായ മിനായില്‍ നിന്നും മടങ്ങി. ആറു ദിവസം നീണ്ടും നിന്ന ഹജ്ജ് കര്‍മങ്ങള്‍ക്ക് അനിഷ്‌ട സംഭവങ്ങള്‍ ഒന്നുമില്ലാതെ സമാധാനപരമായ പര്യവസാനം. മക്കയില്‍ നിന്ന് മടങ്ങുമ്പോള്‍ ഹറം പള്ളിയില്‍ വെച്ച് നിര്‍വഹിക്കേണ്ട വിടവാങ്ങല്‍ തവാഫിന്റെ തിരക്കിലാണ് പല തീര്‍ഥാടകരും ഇപ്പോള്‍. തീര്‍ഥാടകരില്‍ ഭൂരിഭാഗവും ഇന്നലെ തന്നെ കര്‍മങ്ങള്‍ അവസാനിപ്പിച്ച് മിനായില്‍ നിന്നും മടങ്ങിയിരുന്നു. തീര്‍ഥാടകര്‍ക്ക് ഇനി മടക്കയാത്രയുടെ നാളുകളാണ്. ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരുടെ മടക്കയാത്ര ഈ മാസം ആറു മുതല്‍ ഒക്ടോബര്‍ അഞ്ച് വരെയാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ജിദ്ദാ വിമാനത്താവളത്തില്‍ എത്തിയവര്‍ മദീനയില്‍ നിന്നും മദീനയില്‍ എത്തിയവര്‍ ജിദ്ദയില്‍ നിന്നുമാണ് നാട്ടിലേക്ക് മടങ്ങുന്നത്. 

കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകരുടെ മടക്കയാത്ര ഈ മാസം 20ന് ആരംഭിക്കും. ഹജ്ജിന് മുമ്പ് മദീന സന്ദര്‍ശിക്കാത്തവര്‍ ഇനി എട്ടു ദിവസത്തെ സന്ദര്‍ശനത്തിനായി മദീനയിലേക്ക് പോകും. 23,52,122 തീര്‍ഥാടകര്‍ ഇത്തവണ ഹജ്ജ് നിര്‍വഹിച്ചതായാണ് കണക്ക്. കഴിഞ്ഞ വര്‍ഷം ഹജ്ജ് നിര്‍വഹിച്ചത് 18,62,909 പേരായിരുന്നു. 17,52,000 വിദേശ തീര്‍ഥാടകരും 6,00,108 ആഭ്യന്തര തീര്‍ഥാടകരും ഇത്തവണ ഹജ്ജ് നിര്‍വഹിച്ചു. ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ ഇന്തോനേഷ്യയില്‍ നിന്നും പിന്നീട് പാകിസ്ഥാനില്‍ നിന്നുമായിരുന്നു. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ നിന്നും 1,70,000 തീര്‍ഥാടകര്‍ ഹജ്ജ് നിര്‍വഹിച്ചു.