ലബ്ബക്കല്ലാഹുമ്മ ലബ്ബൈക് എന്ന മന്ത്രധ്വനികളാല്‍ മുഖരിതമാണ് മക്കയും പരിസരപ്രദേശങ്ങളും. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നല്‍കിക്കൊണ്ട് 180 ഓളം രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഇന്ന് മിനായില്‍ തമ്പടിക്കും. തമ്പുകളുടെ നഗരമായ മിനായിലേക്ക് ഇന്നലെ രാത്രി ആരംഭിച്ച തീര്‍ഥാടകരുടെ ഒഴുക്ക് നാളെ രാവിലെ വരെ തുടരും. ഇന്ത്യയില്‍ നിന്നുള്ള 1,36,000 ത്തോളം തീര്‍ഥാടകരില്‍ ഭൂരിഭാഗവും ഇന്ന് രാവിലെയോടെ തമ്പുകളിലെത്തി. മിനായില്‍ പ്രാര്‍ഥനകളുമായി കഴിഞ്ഞു കൂടുകയാണ് ഈ തീര്‍ഥാടകര്‍ ഇപ്പോള്‍.

ഇന്ത്യന്‍ ഹജ്ജ് മിഷന്‍ എല്ലാ സജ്ജീകരണങ്ങളുമായി മിനായില്‍ തങ്ങുന്നുണ്ട്. കഴിഞ്ഞ വര്‍ഷമുണ്ടായ മിനാ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മിനായില്‍ തീര്‍ഥാടകരുടെ നീക്കങ്ങള്‍ക്ക്‌ ഇത്തവണ ശക്തമായ നിരീക്ഷണവും നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശക്തമായ ചൂട് അനുഭവപ്പെടുന്നതിനാല്‍ തമ്പുകളിലെ ശീതീകരണ സംവിധാനം മെച്ചപ്പെടുത്തി. ചൂടിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ തീര്‍ഥാടകരോട് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.