ഉഹുദ് യുദ്ധം കഴിഞ്ഞ് പ്രവാചകന്‍ മുഹമ്മദ്‌ നബി വിശ്രമിച്ചത് ഗുഹ ഉഹ്ദ് മലയിലാണ്. എട്ടു കിലോമീറ്ററോളം നീളത്തിലുള്ള ഉഹുദ് മലയുടെ ചാരത്ത് യുദ്ധവുമായി ബന്ധപ്പെട്ട നിരവധി സ്മാരകങ്ങള്‍ ഇന്നും കാണാം. മലയടിവാരത്ത് പ്രവാചകന്‍ വിശ്രമിച്ച ഗുഹയും, യുദ്ധത്തില്‍ രക്തസാക്ഷികളായവരുടെ ഖബറിടവും, പ്രവാചകന്റെ സൈന്യം തമ്പടിച്ചിരുന്ന ജബല്‍ റുമാത്ത് എന്ന മലയുമെല്ലാം സന്ദര്‍ശിക്കാന്‍ ആയിരക്കണക്കിന് ഹജ്ജ് തീര്‍ഥാടകരാണ് ദിനംപ്രതി എത്തിക്കൊണ്ടിരിക്കുന്നത്. യുദ്ധത്തിന്റെ തലേ ദിവസം മുസ്ലിം സൈന്യം തമ്പടിച്ചിരുന്ന മസ്ജിദ് ശൈഖൈന്‍ എന്ന പള്ളിയും, യുദ്ധം കഴിഞ്ഞ് സൈന്യം വിശ്രമിച്ച ബനൂ ഹാരിസ പള്ളിയുമെല്ലാം ഇവിടെ കാണാം. പഴയ കാലത്ത് പാറകളില്‍ കൊത്തി വെച്ച ചില അറബി ലിപികളും ഇവിടെയുണ്ട്. യുദ്ധത്തിന് ശേഷം പ്രവാചകന്‍റെ മുറിവ് കഴുകാന്‍ വെള്ളമെടുത്ത തടാകമാണ് ഈ പ്രദേശത്തെ മറ്റൊരു കാഴ്ച. കല്ലുകള്‍ നിറഞ്ഞ റോഡിലൂടെ വാഹനത്തിലും നടന്നും ഈ സ്ഥലത്തെത്താം. മിഹ്റാസുല്‍ ഉഹുദ് എന്ന പേരിലാണ് ഈ തടാകം അറിയപ്പെടുന്നത്.