ഈ വര്‍ഷത്തെ ആഭ്യന്തര ഹജ്ജ് തീര്‍ഥാടകരുടെ റജിസ്ട്രേഷന്‍ നാളെ ആരംഭിക്കും
റിയാദ്: ഈ വര്ഷത്തെ ആഭ്യന്തര ഹജ്ജ് തീര്ഥാടകരുടെ റജിസ്ട്രേഷന് നാളെ ആരംഭിക്കും. ചെലവ് കുറഞ്ഞ ഹജ്ജ് പാക്കേജില് രജിസ്റ്റര് ചെയ്യാനായി വിദേശികള് ഉള്പ്പെടെ പതിനായിരക്കണക്കിനു തീര്ഥാടകരാണ് കാത്തിരിക്കുന്നത്. ആഭ്യന്തര ഹജ്ജ് തീര്ഥാടകരുടെ പാക്കേജുകള് ബുധനാഴ്ച ഔദ്യോഗികമായി പ്രസിദ്ധീകരിക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിന്റെ localhaj.haj.gov.sa എന്ന വെബ്സൈറ്റിലാണ് വിവിധ കാറ്റഗറികളിലുള്ള ഹജ്ജ് പാക്കേജുകള് പ്രസിദ്ധീകരിക്കുക. മുന് വര്ഷങ്ങളില് നിന്ന് വ്യത്യസ്തമായി ഇത്തവണ നേരത്തെയാണ് പാക്കേജുകള് പ്രസിദ്ധീകരിക്കുന്നത്. ഇതുവഴി ആഭ്യന്തര തീര്ഥാടകര്ക്ക് അനുയോജ്യമായ കാറ്റഗറികള് നേരത്തെ തെരഞ്ഞെടുക്കാന് അവസരം ഒരുക്കുകയാണ് മന്ത്രാലയം.
എന്നാല് ഓഗസ്തില് നടക്കുന്ന ഹജ്ജിനുള്ള ആഭ്യന്തര തീര്ഥാടകരുടെ റെജിസ്ട്രേഷന് ജൂലൈ മധ്യത്തില് മാത്രമേ ആരംഭിക്കുകയുള്ളൂ എന്നാണ് റിപ്പോര്ട്ട്. പുണ്യസ്ഥലങ്ങളില് ലഭിക്കുന്ന സേവന നിലവാരത്തിനനുസരിച്ച് പാക്കേജുകളെ വിവിധ കാറ്റഗറികളായി തരം തിരിച്ചിട്ടുണ്ട്. 3465 റിയാല് മുതല് 11905 റിയാല് വരെയിരിക്കും ഇത്തവണ ആഭ്യന്തര തീര്ഥാടകര്ക്കുള്ള പാക്കേജ് നിരക്കുകള് എന്നാണ് റിപ്പോര്ട്ട്.
ജമ്രക്കടുത്ത് മിനാ ടവറുകളില് താമസിക്കുന്ന പാക്കേജിനാണ് ഏറ്റവും ഉയര്ന്ന നിരക്ക് ഈടാക്കുന്നത്. ചെലവ് കുറഞ്ഞ ഹജ്ജ് പാക്കേജായ ‘ഹജ്ജ് അല് മുഐസിര്’ എടുക്കുന്നവരില് നിന്നാണ് ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കുക. ഈ പാക്കേജിനാണ് ആവശ്യക്കാര് കൂടുതല്.
മലയാളികള് ഉള്പ്പെടെ പതിനായിരക്കണക്കിനു വിദേശികളും ഈ പാക്കേജിനായി കാത്തിരിക്കുകയാണ്. മിനായുടെ അതിര്ത്തിക്ക് പുറത്ത് കെട്ടിടങ്ങളില് ആയിരിക്കും ഇവരുടെ താമസം. ബസുകളിലായിരിക്കും പ്രധാന ദിവസങ്ങളിലെ യാത്ര. എന്നാല് ദുല്ഹജ്ജ് പതിനൊന്ന് മുതല് പതിമൂന്നു വരെ ട്രെയിന് സര്വീസ് ലഭിക്കും. പണമടച്ചതിന് ശേഷം ബുക്കിംഗ് റദ്ദാക്കിയാല് പിഴയടക്കേണ്ടി വരും.
