മദീന: ഹജ്ജ് കര്‍മങ്ങള്‍ ഇന്ന് ആരംഭിക്കും. തീര്‍ഥാടക ലക്ഷങ്ങള്‍ മിനായിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള ഭൂരിഭാഗം തീര്‍ഥാടകരും മിനായിലെത്തി.

സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നല്‍കി തീര്‍ത്ഥാടക ലക്ഷങ്ങള്‍ മിനായിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ രാത്രി ആരംഭിച്ച തീര്‍ഥാടകരുടെ ഒഴുക്ക് നാളെ രാവിലെ വരെ തുടരും. തമ്പുകളുടെ നഗരമായ മിനായില്‍ ഇന്ന് ഉച്ച മുതല്‍ താമസിക്കുന്നതോടെയാണ് ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഹാജിമാര്‍ മക്കയിലെ താമസ സ്ഥലത്ത് നിന്നും ഇഹ്റാമിന്റെ പ്രത്യേക വസ്ത്രം ധരിച്ച് ഇന്നലെ മുതല്‍ മിനായിലേക്ക് നീങ്ങുകയാണ്. ഭൂരിഭാഗം ഇന്ത്യന്‍ ഹാജിമാരും ഇതിനകം മിനായിലെത്തി.

ഇരുപത് ലക്ഷത്തിലധികം തീര്‍ഥാടകര്‍ ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ ഇന്തോനേഷ്യയില്‍ നിന്നും പിന്നീട് പാകിസ്ഥാനില്‍ നിന്നുമാണ്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ നിന്ന് ഒരു ലക്ഷത്തി എഴുപതിനായിരം തീര്‍ഥാടകര്‍ ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നുണ്ട്. ഇതില്‍ ഒന്നേക്കാല്‍ ലക്ഷം തീര്‍ഥാടകര്‍ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയും ബാക്കിയുള്ളവര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുമാണ്‌ ഹജ്ജ് നിര്‍വഹിക്കുന്നത്. ഹജ്ജ് കമ്മിറ്റി വഴിയുള്ള പതിനോരായിരത്തോളം തീര്‍ഥാടകര്‍ ഉള്‍പ്പെടെ ഇരുപതിനായിരത്തിലധികം മലയാളികള്‍ ഹജ്ജ് നിര്‍വഹിക്കുന്നുണ്ട്.