ജിദ്ദ: സൗദി സിവില്‍ ഡിഫന്‍സിന്‍റെ ഹജ്ജ് സുരക്ഷാ പദ്ധതിക്ക് അന്തിമ രൂപമായി. ഒമ്പത് ലക്ഷത്തിലേറെ വിദേശികള്‍ ഇതുവരെ ഹജ്ജിനെത്തി. അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച എഴുപതിനായിരത്തോളം പേരെ തായിഫ് റോഡില്‍ നിന്നും തിരിച്ചയച്ചു. ഹജ്ജ് സുരക്ഷയുമായി ബന്ധപ്പെട്ട് പതിനേഴായിരം പേരെ പുണ്യസ്ഥലങ്ങളില്‍ വിന്യസിക്കുമെന്ന് സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു.
അത്യാധുനിക സൌകര്യങ്ങളോട് കൂടിയ മൂവ്വായിരം വാഹനങ്ങള്‍ ഇവര്‍ക്ക് നല്‍കും. മുപ്പത്തിരണ്ട് സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ചാണ് സിവില്‍ ഡിഫന്‍സ് ഹജ്ജ് സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത്. നിലവില്‍ തീര്‍ഥാടകര്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായ പരിശോധന നടത്തുന്നുണ്ട്. സുരക്ഷാ വീഴ്ച കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കും.
ഹറം പള്ളിക്ക് പരിസരത്ത് തീര്‍ഥാടകരുടെ നീക്കങ്ങള്‍ നിയന്ത്രിക്കാന്‍ സിവില്‍ ഡിഫന്സിന്‍റെ ക്രൌഡ് മാനെജ്മെന്റ് ടീം രംഗത്തുണ്ട്. അതേസമയം അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച എഴുപതിനായിരം പേരെ തായിഫ് മക്ക റോഡിലെ ചെക്ക്പോയിന്‍റില്‍ നിന്നും തിരിച്ചയച്ചതായി സുരക്ഷാ വിഭാഗം അറിയിച്ചു.
9,16,000 വിദേശ തീര്‍ഥാടകര്‍ ഇതുവരെ ഹജ്ജിനെത്തിയതായി സൗദി പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. 878,567 തീര്‍ഥാടകര്‍ വിമാന മാര്‍ഗവും 35,023 തീര്‍ഥാടകര്‍ കപ്പല്‍ മാര്‍ഗവും 2972 തീര്‍ഥാടകര്‍ റോഡ് മാര്‍ഗവും ഹജ്ജിനെത്തി. അതേസമയം തിങ്കളാഴ്ച ദുല്‍ഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാന്‍ പൊതുജനങ്ങളോട് സൗദി സുപ്രീം കോടതി അഭ്യര്‍ഥിച്ചു. മാസം കണ്ടാല്‍ ഉടന്‍ തൊട്ടടുത്ത കോടതില്‍ വിവരം അറിയിക്കണം. തിങ്കളാഴ്ച മാസം കണ്ടാല്‍ ഈ മാസം മുപ്പതിനും ചൊവ്വാഴ്ചയാണ് കാണുന്നതെങ്കില്‍ മുപ്പത്തിയൊന്നിനും ആയിരിക്കും അറഫാ ദിനം.
