ഹനാനയെ സോഷ്യൽ മീഡിയയിൽ അപമാനിച്ച സംഭവത്തിൽ ഒരാൾക്കെതിരെ പൊലീസ് കേസെടുത്തു ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്
കൊച്ചി: സ്കൂൾ യൂണിഫോമിൽ മീൻ വിറ്റ ഹനാനയെ സോഷ്യൽ മീഡിയയിൽ അപമാനിച്ച സംഭവത്തിൽ ഒരാൾക്കെതിരെ പൊലീസ് കേസെടുത്തു. വയനാട് സ്വദേശിയായ നൂറുദ്ധീന്‍ ഷൈഖ് എന്നയാള്‍ക്കെതിരെയാണ് കൊച്ചി സിറ്റി പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഫെയ്സ്ബുക്ക് ലൈവിലൂടെ ഹനാനെ അധിക്ഷേപിച്ചു കൊണ്ടുള്ള ഇയാളുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായി മാറിരുന്നു. വൈകിട്ടോടെ നൂറുദ്ധീന്‍ ഷൈഖിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.ഹനാനെ അപകീർത്തിപ്പെടുത്തിയ കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെയാകും കേസ് അന്വേഷണം.
ഹനാൻ എന്ന പെൺകുട്ടി ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നതിന് വേണ്ടി മീൻ വിൽക്കുന്ന വാർത്ത രണ്ട് ദിവസം മുന്നെയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. തുടർന്ന് കുട്ടിക്കെതിരെ സോഷ്യൽ മീഡിയ വഴി വ്യപകമായി അപവാദ പ്രചരണങ്ങളും അക്രമങ്ങളും നടത്തിരുന്നു. അക്രമം കടുത്തതോടെ തന്നെ ജീവിക്കാൻ വിടണമെന്ന് പറഞ്ഞ് ഫെസ്ബുക്ക് ലൈവിലുടെ ഹനാൻ അഭ്യർത്ഥിക്കുകയും ചെയ്തു.എന്റെ അക്കൗണ്ടിലേക്ക് ഒന്നരലക്ഷത്തോളം രൂപ വന്നിട്ടുണ്ടെന്നാറിഞ്ഞു. എനിക്കൊരാളുടെയും പണം വേണ്ട. ജീവിക്കാന്‍ അനുവദിക്കണം. . കൂലിപ്പണിയെടുത്തിട്ടാണെങ്കിലും പാത്രം കഴുകയിട്ടാണെങ്കിലും ഞാൻ ജീവിച്ചോളാം ,’ ഹനാന്‍ പറഞ്ഞു.
വിവാദ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തമ്മനത്ത് മീൻ കച്ചവടം നടത്താനെത്തിയ ഹനാനെ പൊലീസ് തടഞ്ഞിരുന്നു. ഇതോടെ ഹനാന് തന്റെ ഉപജീവന മാർഗമായ മീൻ കച്ചവടം നടത്താൻ കൊച്ചി നഗരസഭ കിയോസ്ക് നൽകുമെന്ന് മേയർ സൗമിനി ജെയിൻ അറിയിച്ചു. നഗരസഭമേഖലയിലെ സൗകര്യമുളള സ്ഥലം ഇതിനായി നൽകുമെന്നും നഗരസഭ നേരിട്ട് ഹനാന് ലൈസൻസ് നൽകുമെന്നും മേയർ അറിയിച്ചു. വിവാദ പരാമർശത്തെ തുടർന്ന് ഹനാന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദൻ, സംസ്ഥാന വനിതാ കമ്മീഷൻ എന്നിവർ രംഗത്തെത്തിയിരുന്നു.
