Asianet News MalayalamAsianet News Malayalam

അംഗപരിമിതനായ വൃദ്ധന് നീതി നിഷേധിച്ച് നഗരസഭാ അധികൃതര്‍

വികലാംഗനായ സിദ്ധീഖ് ബാങ്ക് ലോണെടുത്ത് തുടങ്ങിയ പൊടിമില്ലിന് പല കാരണങ്ങള്‍ പറഞ്ഞ് അനുമതി നിഷേധിക്കുകയാണ് അധികൃതര്‍. ഇതോടെ അര്‍ബുദരോഗിയായ ഭാര്യയും സംസാര ശേഷിയില്ലാത്ത മകളുമടങ്ങുന്ന സിദ്ദീഖിന്‍റെ കുടുംബത്തിന്‍റെ ഉപജീവനം പ്രതിസന്ധിയിലാണ്. 

handicapped senior citizen begging for mercy before municipality officials
Author
Parappanangadi, First Published Jan 26, 2019, 7:06 PM IST

മലപ്പുറം: ഉപജീവനത്തിനായി നിര്‍മ്മിച്ച പൊടിമില്ലിന് അനുവാദം കിട്ടാൻ  നഗരസഭയില്‍ കയറിയിറങ്ങി മടുത്തിരിക്കുകയാണ് മലപ്പുറം പരപ്പനങ്ങാടിയിലെ അംഗപരിമിതനായ ഒരു വൃദ്ധൻ. ഡാറ്റാ ബാങ്കില്‍ ഉള്‍പെട്ട ആറ് സെന്‍റ് സ്ഥലം വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കാൻ റവന്യൂ അധികൃതര്‍ അനുവാദം നല്‍കിയെങ്കിലും നഗരസഭ അനുകൂലമായ തീരുമാനമെടുക്കുന്നില്ല.

പരപ്പനങ്ങാടിയിലെ സിദ്ദീഖെന്ന ഈ എഴുപതുകാരൻ ഉപജീവനത്തിനായി നഗരസഭയുടെ കരുണ തേടാൻ തുടങ്ങിയിട്ട് നാലു വര്‍ഷങ്ങളായി. വാഹനപകടത്തില്‍ ഒരു കാല്‍ നഷ്ടപെട്ട സിദ്ദീഖ് ഉപജീവനം വഴി മുട്ടിയപ്പോളാണ് തന്‍റെ പേരിലുണ്ടായിരുന്ന ആറ് സെന്‍റ് സ്ഥലത്ത് ബാങ്ക്  വായ്പ്പയെടുത്ത് ധാന്യം പൊടിക്കുന്ന ഒരു മില്ല് തുടങ്ങാൻ തീരുമാനിച്ചത്.

റവന്യൂ അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഭാഗീകമായി ഡാറ്റാ ബാങ്കില്‍ ഉള്‍പെട്ട ഭൂമിയാണെങ്കിലും സമീപകാലത്തൊന്നും കൃഷി ചെയ്യാത്ത ഭൂമി ആയതിനാലും നെല്‍വയല്‍ തണ്ണീര്‍ തട ഭൂമിയുടെ യാതൊരു സ്വഭാവം കാണാത്തതിനാലും സ്ഥലം നികത്തിയത് 2008 ന് മുമ്പായതിനാലും ഉപാധികളോടെ ഭൂമി വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കാമെന്ന്  റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ഈ രേഖകളൊക്കെ ഹാജരാക്കിയിട്ടും വിവിധ കാരണങ്ങള്‍ പറഞ്ഞ് നഗരസഭയിലെ ഉദ്യോഗസ്ഥര്‍ കെട്ടിടത്തിന് അനുമതി നല്‍കാതെ  നീട്ടിക്കൊണ്ടുപോകുകയാണ്. ഇതോടെ അര്‍ബുദരോഗിയായ ഭാര്യയും സംസാര ശേഷിയില്ലാത്ത മകളുമടങ്ങുന്ന സിദ്ദീഖിന്‍റെ കുടുംബത്തിന്‍റെ ഉപജീവനം പ്രതിസന്ധിയിലായി.

പരപ്പനങ്ങാടി നഗരത്തിലടക്കം  കൃഷി ഭൂമിയില്‍  നിരവധി ഷോപ്പിംഗ് ക്ലോംപ്ലക്സുകള്‍ നിയമത്തിന്‍റെ പഴുതുപയോഗിച്ച് നഗരസഭ അനുവാദം
നല്‍കിയിട്ടുണ്ട്. വൻകിടക്കാര്‍ക്കു നല്‍കിയ ആ ഇളവുകളൊന്നും ഈ പാവത്തിന്‍റെ കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കില്ല. രേഖകകള്‍
പരിശോധിച്ചുവരുന്നു, അഞ്ച് സെന്‍റില്‍ താഴെയാണ് സ്ഥലമെങ്കില്‍ അനുമതി നല്‍കാമായിരുന്നു, ഇത് ആറ് സെന്‍റ് സ്ഥലത്തായതാണ് തടസമെന്നൊക്കെയാണ്നഗരസഭയുടെ വിശദീകരണം.

Follow Us:
Download App:
  • android
  • ios