മുളയില്‍ കൗര കൗശല വസ്തുക്കള്‍ നിര്‍മിച്ച് യുവാവ്

ഇടുക്കി: മുളയില്‍ കരകൗശല വസ്തുക്കള്‍ നിര്‍മ്മിച്ച് വിസ്മയം തീര്‍ക്കുകയാണ് ഹൈറേഞ്ചില്‍ ഒരു യുവാവ്. ആലടി പൂവന്തീ കുടി സ്വദേശി കുന്നേല്‍ ജയകുമാര്‍ എന്ന ചെറുപ്പക്കാരനാണ് മുളകള്‍ ഉപയോഗിച്ച് മനോഹരമായ കരകൗശല വസ്തുക്കള്‍ നിര്‍മ്മിച്ച് ശ്രദ്ദേയനാകുന്നത്. ജന്മസിദ്ധമായി കിട്ടിയ കഴിവുകൊണ്ട് കരകൗശല വസ്തുക്കളുടെ വിസ്മയ ലോകം തീര്‍ക്കുകയാണ് പൂവന്തി കുടി സ്വദേശി ജയകുമാര്‍. 

ചെറുപ്പം മുതല്‍ എന്ത് കണ്ടാലും അതിന്റെ മാതൃക നിര്‍മ്മിക്കുന്നതായിരുന്നു ജയകുമാറിന്‍റെ പ്രധാന വിനോദം. കരകൗശല നിര്‍മ്മാണത്തോടുള്ള വലിയ താല്‍പര്യവും അര്‍പ്പണ മനോഭാവവുമാണ് ഇദ്ദേഹത്തെ ഈ മേഖലയില്‍ വ്യത്യസ്ഥനാക്കുന്നതും. വളരെ നാളുകള്‍ക്ക് മുമ്പാണ് ജയകുമാര്‍ മുളകള്‍ കൊണ്ട് കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുവാന്‍ തുടങ്ങിയത്. പിന്നീട് ഒഴിവു സമയങ്ങള്‍ ഒട്ടും കളയാതെ സമയം കണ്ടെത്തി വിടുകളും, മറ്റ് കരകൗശല വസ്തുക്കളും നിര്‍മ്മിക്കാന്‍ തുടങ്ങിയതോടെ ജയകുമാറിന്റെ മുളകള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഉത്പന്നങ്ങള്‍ കാണാന്‍ ആളുകളും എത്താന്‍ തുടങ്ങി.

നിലവില്‍ വിനോദ സഞ്ചാരികളടക്കമുള്ള നിരവധി പേര്‍ ഇദ്ദേഹത്തിന്‍രെ കരവിരുതില്‍ തീര്‍ന്ന കരകൗശല വസ്തുക്കല്‍ തേടിയെത്തുന്നുണ്ട്. കൂലിപ്പണിയ്ക്ക് പോയാണ് ജയകുമാര്‍ കുടുംബം പുലര്‍ത്തുന്നത്. നിലവില്‍ താന്‍ നിര്‍മ്മിക്കുന്ന കരകൗശല വസ്തുക്കളുടെ വിപണന സാധ്യതകൂടി തെളിഞ്ഞാല്‍ മികച്ച വരുമാനം കണ്ടെത്തുവാന്‍ കഴിയുമെന്ന പ്രതീക്ഷയും ഇദ്ദേഹത്തിനുണ്ട്. മുളകള്‍കൊണ്ടുള്ള വീടുകള്‍ക്ക് പുറമെ പേപ്പറുകള്‍ കൊണ്ട് വിവിധ വസ്തുക്കളും ജയകുമാര്‍ നിര്‍മ്മിക്കും. ജയകുമാറിന് എല്ലാ പിന്തുണയും നല്‍കി കൊണ്ട് കുടുംബാംഗങ്ങളും ഒപ്പമുണ്ട്.

ജയകുമാറിന്റെ കഴിവിനെ കണ്ടറിഞ്ഞ് വേണ്ട പ്രോത്സാഹനം നല്‍കുന്നതിന് അധികൃതര്‍ പരിശ്രമിക്കുന്നില്ലെന്ന ആരോപണവും നാട്ടുകാരും ഉന്നയിക്കുന്നുണ്ട്. വിനോദ സഞ്ചാര മേഖലകളിലെ വില്‍പ്പന കേന്ദ്രങ്ങളില്‍ ജയകുമാറിന്റെ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ ഇദ്ദേഹത്തിന് സ്വയംതൊഴിലെന്ന രീതിയിലുള്ള വരുമാനം കണ്ടെത്തുവാന്‍ കഴിയുമെന്നും അതിന് ബന്ധപ്പെട്ട അധികൃതര്‍ ഇടപെടണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു.