മുംബൈ: മലയാളികള്‍ ദുരൂഹസാഹചര്യത്തില്‍ നാടുവിട്ട് ഐഎസില്‍ ചേര്‍ന്നെന്ന കേസില്‍ അറസ്റ്റിലായ ഹനീഫ് മൗലവിയുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. ബോംബെ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. മൗലവിക്ക് ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഹനീഫിന്റെ അഭിഭാഷകന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നാലുമാസം മുന്‍പ് കണ്ണൂരില്‍നിന്നും അറസ്റ്റിലായ ഹനീഫ് മൗലവി ഇപ്പോള്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്.

എഎസ്എം ലീഗല്‍ അസോസിയേറ്റ്സിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഷെരീഫ് ഷെയ്‌ക്കാണ് ഹനീഫ് മൗലവിയുടെ കേസ് വാദിക്കുന്നത്. മൗലവി നിരപരാധിയാണെന്നുള്ളതിന്റെ തെളിവുകള്‍ കോടതിക്ക് മുന്നില്‍ അവതരിപ്പിച്ചുണ്ടെന്നും ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രതിഭാഗം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അതേസമയം, വിചാരണ കാലയളവില്‍ പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിനെ എന്‍ഐഎ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തു. കുറ്റകരമായ ഗൂഡാലോചനയ്‌ക്ക് ഐപിസി 120ബി, യുഎപിഎയിലെ 10,13,38 വകുപ്പുകള്‍ എന്നിവ ചേര്‍ത്തായിരുന്നു മൗലവിക്കെതിരെ കേസെടുത്തിരുന്നത്. മൗലവിക്കെതിരെ മുംബൈ പൊലീസ് സ്വമേധയാ പരാതി എഴുതിയുണ്ടാക്കിയതാണെന്ന് പരാതിക്കാരന്‍ മജീദ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയത് കേസിനെ സ്വാധീനിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.