കൊലപാതക ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മുക്കം കൊടിയത്തൂർ പന്നിക്കോട് സ്വദേശി പാറപ്പുറത്ത് രമേശാണ് മരിച്ചത്. 4 മാസം മുൻപ് രമേശനെ ഒരു സംഘം വെട്ടിപരിക്കേൽപ്പിച്ച് കിണറ്റിൽ തള്ളിയിരുന്നു.
രാത്രി വീട്ടിൽ കിടന്നുറങ്ങിയ രമേശിനെ പുലർച്ചെ 4 മണിയോടെ കാണാതാവുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് വീട്ടിൽ നിന്ന് 100 മീറ്റർ മാറി പറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുക്കം എസ്.ഐ. അഭിലാഷിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. കഴിഞ്ഞ സെപ്റ്റംബർ 13ന് പുലർച്ചെയാണ് രമേശനെ ഗുരുതരമായി വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം തൊട്ടടുത്ത കിണറിൽ തള്ളിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഏറെ നാളത്തെ ചികിത്സക്ക് ശേഷമാണ് രമേശൻ സുഖം പ്രാപിച്ചത്. ആക്രമിച്ചതുമായി ബന്ധപ്പെട്ട് ബന്ധുക്കളും അയൽക്കാരുമുൾപ്പെടെ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ പോലീസ് ചമച്ച കള്ളക്കേസാണന്ന ആരോപണവുമായി പിടിയിലായവരുടെ രക്ഷിതാക്കളും രംഗത്തുവന്നു. കേസിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്കും വിജിലൻസിനും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകാൻ ഒരുങ്ങുന്നതിനിടെയാണ് രമേശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രമേശന്റെ ഷർട്ടിന്‍റെ പോക്കറ്റിൽ നിന്ന് പോലീസ് ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
