അമേരിക്കയില്‍ നിന്നുള്ള ഹനുമാന്‍ ഭക്തര്‍ അയച്ച് തന്ന വേഷമാണ് ചില ഭക്തര്‍ ഹനുമാനെ ധരിപ്പിച്ചത്. എന്നാല്‍, പുതിയ വേഷം ചില ഭക്തന്മാര്‍ക്ക് ഇഷ്ടമായില്ല. ഇവര്‍ പ്രതിഷേധിച്ചതോടെ അവരെ തണുപ്പിക്കാന്‍ മുഖ്യ പുരോഹിതന്‍ തന്നെ രംഗത്തെത്തി
അഹമ്മദാബാദ്: ഹെെന്ദവ ദെെവമായ ഹനുമാന്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന വര്‍ഷമാണ് 2018. ഹനുമാനെ കുറിച്ചുള്ള ചില പരാമര്‍ശങ്ങള്‍ രാജ്യമൊട്ടാകെ വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥാണ് ഹനുമാനെ കുറിച്ചുള്ള പ്രസ്താവനകള്‍ക്ക് തുടക്കമിട്ടത്.
രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹനുമാന്‍ ദളിതനായിരുന്നുവെന്നാണ് ആദിത്യനാഥ് പരാമര്‍ശിച്ചത്. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ അന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍, തന്‍റെ വാദം പിന്‍വലിക്കാന്‍ അദ്ദേഹം തയാറായില്ല. പിന്നാലെ ബിജെപി നേതാക്കള്‍ ഹനുമാന്‍ മുസ്‍ലിം ആണെന്നും കായിക താരമാണെന്നുമുള്ള പ്രസ്താവനകളും വന്നു.
റഹ്‌മാൻ, റംസാന്‍, ഫര്‍മാന്‍, സിഷാന്‍, ഖുര്‍ബാന്‍ തുടങ്ങിയ പേരുകള്‍ക്ക് ഹനുമാന്റെ പേരുമായി സാമ്യമുണ്ടെന്നും ഈ പേരുകളെല്ലാം ഉരുത്തിരിഞ്ഞത് ഹനുമാനില്‍ നിന്നാണെന്നുമായിരുന്നു ബുക്കല്‍ നവാബ് മാധ്യമങ്ങളോട് പറഞ്ഞത്. ഇങ്ങനെ പല തരത്തില്‍ ഹനുമാന്‍ വാര്‍ത്തകളില്‍ നിറഞ്ഞു.
ഇപ്പോള്‍ വര്‍ഷാവസാനം ഹനുമാന്‍ ചര്‍ച്ചയാകുന്നത് ഒരു വസ്ത്രത്തിന്‍റെ പേരിലാണ്. കഴിഞ്ഞ ഞായറാഴ്ച ഗുജറാത്ത് സാരംഗ്പൂരിലെ ഹനുമാന്‍ ക്ഷേത്രത്തിലെത്തിയ ഭക്തര്‍ കണ്ടത് മറ്റൊരു വേഷത്തിലുള്ള ഹനുമാനെയാണ്. സാധാരണഗതിയില്‍ നിന്ന് വ്യത്യസ്തമായി സാന്‍റാ ക്ലോസ് ധരിക്കുന്ന പോലെ ചുവപ്പും വെള്ളയും കലര്‍ന്ന വേഷം ധരിച്ചിരിക്കുന്ന ഹനുമാന്‍ വിഗ്രഹത്തെയാണ് അവര്‍ കണ്ടത്.
അമേരിക്കയില്‍ നിന്നുള്ള ഹനുമാന്‍ ഭക്തര്‍ അയച്ച് തന്ന വേഷമാണ് ചില ഭക്തര്‍ ഹനുമാനെ ധരിപ്പിച്ചത്. എന്നാല്‍, പുതിയ വേഷം ചില ഭക്തന്മാര്‍ക്ക് ഇഷ്ടമായില്ല. ഇവര്‍ പ്രതിഷേധിച്ചതോടെ അവരെ തണുപ്പിക്കാന്‍ മുഖ്യ പുരോഹിതന്‍ തന്നെ രംഗത്തെത്തി.
വെല്‍വെറ്റ് കൊണ്ട് തുന്നിയ ഈ വേഷം ഭഗവാനെ തണുപ്പില്‍ നിന്ന് രക്ഷിക്കുമെന്നും ആരുടെയും വികാരം വ്രണപ്പെടുത്താനല്ല ഇങ്ങനെ ചെയ്തതെന്നും മുഖ്യ പുരോഹിതനായ സാഗര്‍ മഹാരാജ് പറഞ്ഞു. എന്നാല്‍, പ്രതിഷേധം തുടര്‍ന്നതോടെ അവസാനം വിഗ്രഹത്തിലെ സാന്‍റാ കുപ്പായം അഴിച്ച് മാറ്റേണ്ടി വന്നു.
