ദില്ലി: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ജന്മദിനം വിപുലമായ ആഘോഷങ്ങള്‍ നടത്താന്‍ ഹിന്ദുസേന. ഇന്നാണ് അദ്ദേഹത്തിന് 71വയസ് തികയുന്നത്. മനുഷ്യത്വത്തിന്റെ രക്ഷകന്‍ എന്ന വിശേഷണമാണ് ഇവര്‍ ട്രംപിന് നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ ഉച്ചയ്ക്ക് ഒരുമണിക്കാണ് പരിപാടികള്‍ നടക്കുന്നത്.

ഇതാദ്യമായല്ല ഹിന്ദുസേനക്കാര്‍ ട്രംപിന്റെ പിറന്നാള്‍ ആഘോഷിക്കുന്നത്. 70താം പിറന്നാളിനും ഇത്തരത്തില്‍ ആഘോഷങ്ങളും പൂജയും നടന്നിരുന്നു. തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിക്കുന്നതിനും പൂജകള്‍ നടത്തിയിരുന്നു. എന്നാല്‍, ഇത്തവണ പഴയതിനേക്കാള്‍ കൂടുതല്‍ വിപുലമായ ആഘോഷമായി നടത്താനാണ് ഹിന്ദുസേനയുടെ തീരുമാനം. ട്രംപിന്റെ വിവിധ പോസുകളിലുള്ള പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കല്‍ ചടങ്ങില്‍ ഉണ്ടായിരിക്കുമെന്ന് ഹിന്ദുസേന പ്രസിഡന്റ് വിഷ്ണു ഗുപ്ത ട്വിറ്ററില്‍ പറഞ്ഞു. 

ട്രംപിന്റെ വിവിധ കാലത്തെ ചിത്രങ്ങള്‍ കൂട്ടിയിണക്കി എക്‌സിബിഷനും ഇവര്‍ ഒരുക്കിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ കുട്ടിക്കാലത്തെ ചിത്രവും ഇപ്പോഴത്തെ ചിത്രവും കൂട്ടി ഇണക്കി ബലൂണും വച്ചാണ് പിറന്നാള്‍ കാര്‍ഡിന് രൂപകല്‍പന നടത്തിയിരിക്കുന്നത്. പാരീസ് ഉടമ്പടിയില്‍ നിന്നും പിന്മാറിയ അമേരിക്കയുടെ നടപടിക്കെതിരെ ലോക രാജ്യങ്ങളില്‍ നിന്നും വിമര്‍ശനം ഏറ്റുവാങ്ങുന്ന സാഹചര്യത്തിലാണ് മനുഷ്യത്വത്തിന്റെ രക്ഷകന്‍ എന്ന് മുദ്രകുത്തി ആഘോഷങ്ങള്‍ നടത്തുന്നത്.