ഗാന്ധിനഗര്‍: ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടിക്കാഴ്ച നടത്താനുള്ള രാഹുല്‍ ഗാന്ധിയുടെ ശ്രമങ്ങളോട് മുഖം തിരിച്ച് പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍. ഗാന്ധിനഗറില്‍ നടക്കുന്ന റാലിക്കിടെ കൂടിക്കാഴ്ച നടത്താനുള്ള ക്ഷണമാണ് ഹാര്‍ദിക് പട്ടേല്‍ തള്ളിയത്. ദളിത് പിന്നാക്ക നേതാക്കളുമായി കൂടിക്കാഴ്ച നടത്താനുള്ളതിനാലാണ് രാഹുല്‍ ഗാന്ധിയുടെ ക്ഷണത്തെ നിരസിക്കാന്‍ കാരണമെന്നാണ് വിശദീകരണം.

തിരക്കിന് ശേഷം രാഹുല്‍ ഗാന്ധിയെ നേരില്‍ കാണുമെന്ന് ഹാര്‍ദിക് പട്ടേല്‍ വ്യക്തമാക്കി. പട്ടേല്‍ സമുദായത്തിന് സംവരണമാവശ്യപ്പെട്ടു കൊണ്ടുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഹാര്‍ദിക് പട്ടേലിന് ഗുജറാത്ത് അസംബ്ലി തിര‌ഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നാണ് കണക്ക് കൂട്ടുന്നത്.

ഗുജറാത്തില്‍ റാലിക്കിടെ രാഹുല്‍ ഗാന്ധി പട്ടേല്‍ സമുദായ നേതാക്കളുടെയും ദളിത് പിന്നാക്ക നേതാക്കളുടെയും പിന്തുണ തേടിയിരുന്നു. നിലവിലെ ബിജെപി ഭരണത്തില്‍ അതൃപ്‍തിയുള്ളവരെ ഒരേ കുടക്കീഴില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

സംവരണാവശ്യപ്പെട്ടുള്ള സമരങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതോടെയാണ് ഹാര്‍ദിക് പട്ടേല്‍ ഗുജറാത്ത് രാഷ്ട്രീയത്തില്‍ സജീവമായത്. നേരത്തെ ഗുജറാത്തിലെത്തുന്ന രാഹുല്‍ ഗാന്ധിയെ സ്വാഗതം ചെയ്ത് ഹാര്‍ദിക് പട്ടേല്‍ ട്വീറ്റ് ചെയ്തിരുന്നു. ഇത് വരെ രാഹുല്‍ ഗാന്ധിയെ കാണാന്‍ കൂട്ടാക്കാതിരുന്ന ഹാര്‍ദിക് പട്ടേല്‍ ഗുജറാത്ത് ഉപമുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പട്ടേല്‍ സമുദായത്തിന്‍റെ പാട്ടിധര്‍ അനാമത്ത് ആന്ദോളന്‍ സമിതി ഉപേക്ഷിച്ച് ബിജെപിയിലേക്ക് ചേരാന്‍ ഒരു കോടി വാഗ്ദാനം ലഭിച്ചെന്നാരോപിച്ച് പട്ടേല്‍ അനുഭാവിയായ നരേന്ദ്ര പട്ടേല്‍ രംഗത്തെത്തിയിരുന്നു.