അഹമ്മദാബാദ്: ഗുജറാത്തിൽ അയ്യായിരം വോട്ടിംഗ് മെഷീനിൽ തിരിമറി നടത്താൻ 150 എഞ്ചിനിയർമാരെ അഹമ്മദാബാദിലെ ഒരു കമ്പനി നിയോഗിച്ചു എന്ന് ഹാർദിക് പട്ടേൽ ആരോപിച്ചു. ആരോപണം തള്ളിയ അഹമ്മദാബാദ് ജില്ലാകളക്ടർ മറുപടി അർഹിക്കാത്ത പരാമർശമാണിതെന്ന് പ്രതികരിച്ചു. അതേസമയം ഗുജറാത്തില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന നാല് മണ്ഡലങ്ങളിലെ ആറ് പോളിങ് ബൂത്തുകളില്‍ റീപോളിംഗ് നടന്നു. 

ചില സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ദളിത് നേതാവ് ജിഗ്നേഷ് മേവാനി മത്സരിച്ച മണ്ഡലത്തിലെ രണ്ട് ബൂത്തുകൾ അടക്കമുള്ള ആറിടത്ത് റീ പോളിംഗ് നടന്നത്. പരീക്ഷണ പോളിങ്ങിൽ രേഖപ്പെടുത്തിയ വോട്ടുകൾ യന്ത്രങ്ങളിൽ നിന്നു മാറ്റുന്നതിൽ പോളിങ് ഓഫിസർമാർ വീഴ്ചവരുത്തിയ ഏഴു മണ്ഡലങ്ങളിലെ 10 ബൂത്തുകളിൽ യന്ത്രങ്ങളിലെ വോട്ടിനൊപ്പം വോട്ട് രസീതുകളും എണ്ണണമെന്നും കമ്മിഷൻ നിർദേശം നൽകിയിട്ടുണ്ട്. 

യന്ത്രങ്ങളിൽ രേഖപ്പെടുത്തിയ വോട്ടിനൊപ്പം വോട്ട് രസീതുകൂടി എണ്ണണമെന്ന കോൺഗ്രസിന്റെ ആവശ്യം സുപ്രീം കോടതി നിരാകരിച്ചതിനു പിന്നാലെയാണു വോട്ടിങ് യന്ത്രങ്ങളിൽ വൻ കൃത്രിമം നടത്താൻ ബിജെപി ശ്രമിച്ചേക്കുമെന്ന ആരോപണവുമായി ഹാർദിക് പട്ടേൽ രംഗത്തെത്തിയത്. പട്ടാൻ, ബനാസ്കാന്ത ജില്ലകളിൽ വ്യാപകമായ തിരിമറി നടന്നതായി സംശയമുണ്ടെന്നു കോൺഗ്രസ് സ്ഥാനാർഥിയും പിന്നാക്ക ഐക്യവേദി നേതാവുമായ അൽപേശ് ഠാക്കൂറും ആരോപിച്ചു.