അഹമ്മദാബാദ്: ഗുജറാത്ത് ഉപമുഖ്യമന്ത്രി നിധിന്‍ പട്ടേലിനെ തന്റെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് പട്ടീല്‍ അനാമത് അന്തോളന്‍ നേതാവ് ഹര്‍ദ്ദിക് പട്ടേല്‍. ബിജെപിയുടെ മുതിര്‍ന്ന നേതാവായ നിധിന്‍ പട്ടേലിനെ പാര്‍ട്ടി ബഹുമാനിക്കുന്നില്ലെന്നും അദ്ദേഹത്തിന് മുഴുവന്‍ പിന്തുണയും നല്‍കണമെന്നും ഹര്‍ദ്ദിക് പട്ടേല്‍ പറഞ്ഞു. 

ഗുജറാത്തിലെ ബിജെപിയ്ക്കുള്ളില്‍ മുറുമുറുപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഹര്‍ദ്ദിക്കിന്റെ നീക്കം. ധനകാര്യം, നഗരവികസനം, പെട്രോളിയം തുടങ്ങിയ സുപ്രധാന വകുപ്പുകളില്‍നിന്ന് നിധിന്‍ പട്ടേലിനെ മാറ്റിയിരുന്നു. കൂടാതെ മറ്റ് മന്ത്രിമാര്‍ക്ക് ഓഫീസ് അനുവദിച്ചിട്ടും ഉപമുഖ്യമന്ത്രികൂടിയായ നിധിന്‍ പട്ടേലിന് ഗാന്ധിനഗറില്‍ ഓഫീസ് അനുവദിച്ചിരുന്നില്ല. 

നിധിന്‍ പട്ടേല്‍ പാര്‍ട്ടി വിടുന്നുവെങ്കില്‍ ഒപ്പം പോരാന്‍ 10 എംഎഎല്‍എമാര്‍ തയ്യാറാണെന്ന് അറിയിച്ചതായി ഹര്‍ദ്ദിക് മാധ്യമങ്ങളോട് പറഞ്ഞു. നിധിന്‍ പട്ടേലിനെയും സംഘത്തെയും സ്വാഗതം ചെയ്യുന്നതോടൊപ്പം വേണ്ട സ്ഥാനംമ നല്‍കി സ്വീകരിക്കാന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെടുമെന്നും ഹര്‍ദ്ദിക് വ്യക്തമാക്കി. 

അതേസമയം നിലവിലെ സ്ഥിഗതികള്‍ നിരീക്ഷണത്തിലാണെന്നും നിധിന്‍ പട്ടേലിന്റെയും എംഎല്‍എമാരുടെയും പിന്തുണ ഉണ്ടെങ്കില്‍ തങ്ങള്‍ ഗുജറാത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഭരത് സിംഗ് സോളങ്കി പറഞ്ഞു.