സുപ്രീംകോടതിയിൽ ടി പി സെന്‍കുമാറിന്‍റെ അഭിഭാഷകനായിരുന്ന ഹാരിസ് ബീരാനെ കെഎസ്ആര്‍ടിസിയുടെ കേസുകള്‍ വാദിക്കുന്നതിൽ നിന്ന് മാറ്റി. മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ നിര്‍ദേശ പ്രകാരമാണിത്. സര്‍ക്കാര്‍ നടപടി രാഷ്‍ട്രീയ പകപോക്കലായി കാണുന്നില്ലെന്ന് ഹാരിസ് ബീരാൻ പ്രതികരിച്ചു.

പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കത്തിനെതിരായ കേസിൽ സുപ്രീംകോടതിയിൽ ടി പി സെന്‍കുമാറിന്‍റെ അഭിഭാഷകനായിരുന്നു ഹാരിസ് ബീരാൻ. സര്‍ക്കാരിനെ വലിയ തിരിച്ചടി കേസിൽ നേരിട്ടു. ഈ സാഹചര്യത്തിലാണ് ഹാരിസ് ബീരാനെ കെഎസ്ആര്‍ടിസിയുടെ കേസുകള്‍ വാദിക്കുന്നതിൽ നിന്ന് മാറ്റാൻ മുഖ്യന്ത്രിയുടെ ഓഫിസ് നിര്‍ദശിച്ചത്. ഇതേതുടര്‍ന്ന് കെഎസ്ആര്‍ടിസി എംഡിക്ക് ഗതാഗത മന്ത്രി കത്തു നല്‍കി. 16 വര്‍ഷമായി കെഎസ്ആര്‍ടിസിയുടെ കേസുകള്‍ സുപ്രീം കോടതിയിൽ വാദിക്കുന്നത് ഹാരിസ് ബീരാനാണ്.

ഇതിനിടെ ഹൈക്കോടതിയിലെ സ്റ്റാന്‍റിങ് കോണ്‍സിലിനെയും കെഎസ്ആര്‍ടിസി എംഡി മാറ്റി. ജോണ്‍ മാത്യുവിനെയാണ് മാറ്റിയത്. തുടര്‍ച്ചയായി കേസുകളിൽ കെഎസ്ആര്‍ടി.സിക്ക് തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് നടപടി. തൊഴിലാളി യൂണിയനുകള്‍ പരാതിയും നല്‍കിയിരുന്നു.