റോത്തക്: ഹരിയാനയില്‍ കാണാതായ നാടന്‍ പാട്ടുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഒരു പാട്ടുപരിപാടിയില്‍ പങ്കെടുക്കാന്‍ പോയതാണ്. പിന്നീട് തിരിച്ചു വന്നില്ല. കഴിഞ്ഞ ദിവസം റോത്തക്കിലെ ബനിയാനിയില്‍ പാടത്ത് കഴുത്തറുത്ത നിലയിലാണ് മമത ശര്‍മയുടെ (40) മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച കാണാതായ മമതയുടെ മൃതദേഹം വ്യാഴാഴ്ചയാണ് ലഭിക്കുന്നത്. മമതയെ കാണാതായെന്ന് പരാതി നല്‍കിയിട്ടും അന്വേഷണം നടത്തിയില്ലെന്ന് കുടുംബം ആരോപിച്ചു. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്.

മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്ത് മുറിച്ച നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നതെന്ന് റോത്തക്ക് എസ്പി പങ്കജ് നെയിന്‍ പറഞ്ഞു. സോനിപത്തിലെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി സുഹൃത്ത് മോഹിത് കുമാറിനൊപ്പമാണ് മമത ശര്‍മ പോയത്. എന്നാല്‍ പിന്നീട് മമത പരിപാടി നടക്കുന്ന സ്ഥലത്ത് വച്ച് കാണാമെന്ന് അറിയിച്ചാണ് മറ്റൊരു സംഘത്തിനൊപ്പം പോയി. എന്നാല്‍ പിന്നീട് മമത സ്ഥലത്തെത്തിയില്ല. വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നുവെന്നും അവര്‍ പറഞ്ഞു.

അതേസമയം, തിങ്കളാഴ്ച വിളിച്ചപ്പോള്‍ മമതയുടെ ഫോണ്‍ റിങ് ചെയ്യുന്നുണ്ടായിരുന്നുവെന്ന് അവരുടെ മകന്‍ ഭരത് പറഞ്ഞു. തുടര്‍ന്ന് പൊലീസില്‍ സമീപിച്ചെങ്കിലും അവര്‍ നടപടിയെടുക്കാന്‍ തയാറായില്ലെന്നും മകന്‍ ആരോപിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ ഹര്‍ഷിത ദാഹിയ (22) എന്ന ഹരിയാനക്കാരിയായ നാടന്‍പാട്ടുകാരിയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. പാനിപ്പത്തില്‍ പരിപാടിക്കുശേഷം തിരികെ വരുമ്പോള്‍ ഹര്‍ഷിത ധാഹിയ എന്ന ഇരുപത്തിരണ്ടുകാരിയെ അക്രമികള്‍ വെടിവച്ചു കൊല്ലുകയായിരുന്നു.