ഹരിയാന: ഹരിയാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. രാഷ്ട്രീയ ലാഭത്തിനായി അക്രമത്തിന് മുഖ്യമന്ത്രി കൂട്ടുനിന്നു. നഗരം കത്തിയെരിയുമ്പോൾ മുഖ്യമന്ത്രി കാഴ്ചക്കാരനായെന്നും കോടതി വിമർശിച്ചു. പഞ്ചാബ് ഹരിയാന ഹൈക്കോടതിയാണ് ബിജെപി ഭരിക്കുന്ന സര്‍ക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. 

അനുയായിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിങിനെ കുറ്റക്കാരനായി കോടതി വിധിച്ചിരുന്നു. ഇതിന് പിന്നാലെ ഗൂര്‍മീതിന്‍റെ അനുയായികള്‍ ഹരിയാനയില്‍ ആക്രമങ്ങള്‍ അഴിച്ചുവിട്ടു. എന്നാല്‍ അക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് കോടതിയുടെ രൂക്ഷ വിമർശനം. ഹരിയാന സർക്കാർ ഗുർമീത് സിങിന് ജയലിൽ പ്രത്യേക സെല്ലാണ് നൽകിയിരിക്കുന്നത്. കൂടാതെ മിനറൽ വെളളവും കൂടെ ജയിലിൽ സഹായിയെയും നൽകിയതായാണ് റിപ്പോർട്ട്. 

വിധി വന്നതിനുശേഷം ആയിരക്കണക്കിന് അനുയായികൾ വ്യാപക അക്രമങ്ങളാണ് നടത്തിയത്. വാഹനങ്ങൾക്കും കടകൾക്കും അക്രമികൾ തീവെച്ചു. അക്രമത്തിൽ 32 പേർ മരിച്ചു. 250ലേറെപേർക്ക് പരിക്കേറ്റു. ദില്ലിയിലും രാജസ്ഥാനിനും പുറമെ പഞ്ചാബിലും ഹരിയാനയിലും അക്രമങ്ങൾ തുടരുന്നു. കനത്ത ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്