ന്യൂഡല്‍ഹി: ഹരിയാനയിൽ രണ്ടാംക്ലാസുകാരനെ കഴുത്തറുത്ത് കൊന്ന കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും സിബിഐക്കും സുപ്രീംകോടതി നോട്ടീസയച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള് സമര്പ്പിക്കാന്‍ സിബിഎസ്ഇയോടും ആവശ്യപ്പെട്ടു. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് സ്കൂള്‍ മാനേജ്മെന്‍റിലെ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
കേസില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ അഛനാണ് സുപ്രിംകോടതിയെ സമീപിച്ചത്. ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തെങ്കിലും പൊലീസ് നല്‍കുന്ന വിശദീകരണത്തില്‍ നിരവധി പോരായ്മകളുണ്ട്. കേസന്വേഷണത്തെ ആരോ സ്വാധീനിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് അഛന്‍റെ ആവശ്യം. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ,സിബിഐ, ഹരിയാന സര്‍ക്കാര്‍ ,സ്കൂള്‍ മാനേജ്മെന്‍റ് എന്നിവയ്ക് നോട്ടീസയക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു
ഇതിനിടെ കേസില്‍ സ്കൂള്‍ നടത്തുന്ന റയൻ ഇന്‍റര്‍ നാഷണൽ ഗ്രൂപ്പിന്‍റെ വടക്കൻ മേഖല മേധാവി ഫ്രാൻസിസ് തോമസ് , എച്ച് ആര്‍ മേധാവി ജെയസ് തോമസ് എന്നിവരെ പെലാീസ് അറസ്റ്റ് ചെയ്തു.. ഗുരുഗ്രാമിലെ സ്കൂളിൽ വേണ്ടത്ര സുരക്ഷ ഒരുക്കുന്നതിൽ സ്കൂൾ അധികൃതര്‍ വീഴ്ച്ചവരുത്തിയതിന് ബാലനീതി വകുപ്പ് പ്രകാരം സ്കൂള്‍ മാനേജ്മെന്‍റിനെതിരെ കേസെടുത്തിരുന്നു.ഇതിന് തുടര്‍ച്ചയായാണ് അറസ്റ്റ്. റയാൻ ഗ്രൂപ്പ് മേധാവി പിന്‍റോയെ ഹരിയാന പൊലീസ് മുംബൈയില്‍ ചോദ്യം ചെയ്യുകയാണ്.
തുടര്‍ച്ചയായ മൂന്നാം ദിവസവും സ്കൂളിന് മുന്നില്‍ മാതാപിതാക്കളുടേയും നാട്ടുകാരുടേയും പ്രതിഷേധം തുടരുകയാണ്. ഇന്നലെ സമരം നടത്തിയ രക്ഷിതാക്കള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തിയ സോനാ സ്റ്റേഷനിലെ എസ് ഐ അരുണിനെ സസ്പെൻഡ് ചെയ്തു. പ്രതിഷേധം ഭയന്ന് ഗ്രൂപ്പിന് കീഴിലുള്ള ഗുഡ്ഗാവിലെ എ സ്കൂളുകള്‍ക്കും രണ്ട് ദിവസത്തേക്ക് അവധി നല്‍കി. ഏഷ്യാനെറ്റ് ന്യൂസ് ദില്ലി
