'മുസ്ലീം പുരുഷന്മാര്‍ താടിവയ്ക്കുകയോ സ്ത്രീകള്‍ തല മറയ്ക്കുകയോ ചെയ്യരുത്. മുസ്ലീങ്ങള്‍ തങ്ങളുടെ മക്കള്‍ക്ക് ഹിന്ദു നാമങ്ങള്‍ മാത്രമേ ഇടാവൂ. പരസ്യമായി നമസ്‌കരിക്കരുത്. മതാചാരപ്രകാരമുള്ള ഒരു അടയാളങ്ങളും മുസ്ലീങ്ങള്‍ കൊണ്ടുനടക്കരുത്'
ഗുരുഗ്രാം: മുസ്ലീങ്ങള്‍ക്കെതിരെ കടുത്ത നിയമങ്ങളിറക്കി ഹരിയാനയിലെ റോത്തക്കില്‍ ഒരു ഗ്രാമം. മുസ്ലീം മതവിശ്വാസങ്ങളും ആചാരങ്ങളും പാടെ ഉപേക്ഷിക്കാനാണ് ടിറ്റോളി എന്ന ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പഞ്ചായത്ത് നിര്‍ദേശിക്കുന്നത്.
മുസ്ലീം പുരുഷന്മാര്‍ താടിവയ്ക്കുകയോ സ്ത്രീകള്‍ തല മറയ്ക്കുകയോ ചെയ്യരുത്. മുസ്ലീങ്ങള്‍ തങ്ങളുടെ മക്കള്‍ക്ക് ഹിന്ദു നാമങ്ങള്‍ മാത്രമേ ഇടാവൂ. പരസ്യമായി നമസ്‌കരിക്കരുത്. മതാചാരപ്രകാരമുള്ള ഒരു അടയാളങ്ങളും മുസ്ലീങ്ങള്‍ കൊണ്ടുനടക്കരുത്- തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാന നിര്‍ദേശങ്ങള്‍.
ഇതിന് പുറമേ ഗ്രാമത്തിനകത്തുള്ള വഖഫ് ബോര്‍ഡിന്റെ ഒരേക്കറോളം വരുന്ന സ്ഥലം പഞ്ചായത്ത് ഏറ്റെടുക്കുമെന്നും മുസ്ലീങ്ങള്‍ക്ക് ഖബര്‍സ്ഥാന്‍ ഒരുക്കാന്‍ ഗ്രാമത്തിന് പുറത്ത് വേറെ സ്ഥലം നല്‍കുമെന്നും പഞ്ചായത്ത് വ്യക്തമാക്കി.
കഴിഞ്ഞ മാസം ഒരു പശുക്കുട്ടിയെ കശാപ്പ് ചെയ്തുവെന്നാരോപിച്ച് ഗ്രാമത്തിനകത്തെ ഒരു മുസ്ലീം കുടുംബത്തെ ജനക്കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹിന്ദു ഭൂരിപക്ഷമുള്ള ഗ്രാമത്തില്‍ പഞ്ചായത്ത് ചേര്‍ന്ന് പുതിയ നിയമങ്ങള്‍ തീരുമാനിച്ചത്. വിവിധ മതങ്ങളിലും ജാതികളിലും ഉള്ളവരെല്ലാം പഞ്ചായത്തില്‍ പങ്കെടുത്തിരുന്നുവെന്നും ഇവരെല്ലാം പുതിയ നിയമങ്ങള്‍ അംഗീകരിച്ചുവെന്നും താലൂക്ക് പ്രതിനിധി സുരേഷ് നമ്പര്‍ദാര്‍ പറഞ്ഞു.
അതേസമയം ഗ്രാമത്തില്‍ പ്രശ്‌നങ്ങളൊഴിവാക്കാനാണ് നിയമങ്ങള്‍ അംഗീകരിച്ചതെന്ന് പ്രാദേശിക മുസ്ലീം നേതാവ് രാജ്ബീര്‍ അറിയിച്ചു. വളരെ കാലമായി തങ്ങള്‍ ഹിന്ദു നാമങ്ങളാണ് മക്കള്‍ക്ക് ഇടുന്നതെന്നും തല മറയ്ക്കുകയോ താടി വളര്‍ത്തുകയോ ചെയ്യുന്നില്ലെന്നും ഗ്രാമത്തില്‍ പള്ളിയില്ലാത്തതിനാല്‍ 10 കിലോമീറ്ററോളം യാത്ര ചെയ്ത് റോത്തക്ക് നഗരത്തിലെത്തിയാണ് വെള്ളിയാഴ്ച നമസ്‌കാരവും മറ്റ് മതപരമായ ചടങ്ങുകളും നടത്താറെന്നും രജ്ബീര്‍ പറഞ്ഞു. ഗ്രാമത്തിലെ ഗോശാലയ്ക്ക് വേണ്ടി മുസ്ലീങ്ങളുടെ പേരില്‍ 11,000 രൂപ പിരിച്ചുനല്‍കിയെന്നും രാജ്ബീര്‍ പറഞ്ഞു.
പശുക്കുട്ടിയെ കശാപ്പ് ചെയ്ത സംഭവത്തില്‍ യമീന്‍ എന്ന മുസ്ലീം യുവാവിനെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കിയതായും പഞ്ചായത്ത് പ്രഖ്യാപിച്ചു. അതേസമയം പഞ്ചായത്തിന്റെ നടപടികളെ മുസ്ലീം ഏകതാ മഞ്ച് വിമര്‍ശിച്ചു. ഭരണഘടനാവിരുദ്ധമാണ് പഞ്ചായത്തിന്റെ നടപടികളെന്ന് മുസ്ലീം ഏകതാ മഞ്ച് പ്രസിഡന്റ് ഷെഹ്‌സാദ് ഖാന്‍ ആരോപിച്ചു.
പഞ്ചായത്ത് സ്വന്തം താല്‍പര്യപ്രകാരം നിയമങ്ങള്‍ ആവിഷ്‌കരിച്ചത് ഭരണഘടനാവിരുദ്ധമാണെന്ന് റോത്തക്ക് സബ് ഡിവിഷണന്‍ മജിസ്‌ട്രേറ്റും അറിയിച്ചു. സംഭവത്തില്‍ പഞ്ചായത്ത് ഭരണനേതൃത്വത്തോട് വിശദീകരണം ആവശ്യപ്പെടുമെന്നും മജിസ്‌ട്രേറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചു.
