സിബിഎസ്ഇ സ്കൂളുകൾ തുടങ്ങുന്നതിനുള്ള നിബന്ധനകളിൽ ഇളവുകൾ വരുത്താനൊരുങ്ങി സിബിഎസ്ഇ. സ്വകാര്യ കമ്പനികൾക്ക് നേരിട്ട് സ്കൂളുകൾ നടത്താനുള്ള നിയന്ത്രണം പിൻവലിച്ചേക്കും.

ദില്ലി: രാജ്യത്ത് സിബിഎസ്ഇ സ്കൂളുകൾ തുടങ്ങുന്നതിനുള്ള നിബന്ധനകളിൽ ഇളവുകൾ വരുത്താനൊരുങ്ങി സിബിഎസ്ഇ. സ്വകാര്യ കമ്പനികൾക്ക് നേരിട്ട് സ്കൂളുകൾ നടത്താനുള്ള നിയന്ത്രണം പിൻവലിച്ചേക്കും. സ്കൂളുകൾക്ക് സംസ്ഥാനങ്ങളിൽ നിന്ന് എൻഒസി നേടുന്നതിനുള്ള ചട്ടങ്ങളിൽ നേരത്ത് ഇളവ് നൽകാൻ തീരുമാനിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിലവിലെ നിയമങ്ങൾ പ്രകാരം ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ട്രസ്റ്റുകൾക്കോ രജിസ്റ്റർ ചെയ്ത സൊസൈറ്റികൾക്കോ സെക്ഷൻ 8 പ്രകാരം വിദ്യാഭ്യാസം ലക്ഷ്യമാക്കിയ കമ്പനികൾക്കോ മാത്രമാണ് സിബിഎസ്ഇ അഫിലിയേഷൻ കിട്ടാൻ അനുമതിയുള്ളത്. കൂടുതൽ സ്വകാര്യ നിക്ഷേപം വിദ്യാഭ്യാസ രംഗത്ത് ഉറപ്പാക്കാനുള്ള തീരുമാനത്തിൻ്റെ ഭാഗമായാണ് ഈ നിബന്ധനകളിൽ ഇളവിന് കേന്ദ്രം തയ്യാറെടുക്കുന്നത്. കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും വ്യക്തിഗത കമ്പനികൾക്കും സ്കൂളുകൾ സ്ഥാപിക്കാൻ അനുവാദം നൽകാനാണ് നീക്കം. സ്വകാര്യ കമ്പനികൾ ഇപ്പോൾ ട്രസ്റ്റുകൾ രൂപീകരിച്ചാണ് സ്കൂളുകൾ സ്ഥാപിക്കുന്നത്. ഇനി നേരിട്ട് സിബിഎസ്ഇ അഫിലിയേഷനുള്ള സ്കൂളുകൾ തുടങ്ങാനാകും.

ഒറ്റവ്യക്തി ഉടമയായ കമ്പനികളുടെ അപേക്ഷകളും അംഗീകരിക്കുന്ന തരത്തിലുള്ള മാറ്റമാണ് ആലോചിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം 2020ന് അനുസൃതമായാണ് ഈ മാറ്റങ്ങൾ എന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. സ്കൂളുകൾ സ്ഥാപിക്കാൻ എത്ര ഭൂമി വേണം എന്ന ചട്ടം നേരത്തെ മാറ്റിയിരുന്നു. നഗരങ്ങളിലും കുന്നിൻ പ്രദേശങ്ങളിലും സ്കൂളുകൾക്ക് ആവശ്യമായ ഭൂമിയുടെ വിസ്തീർണ്ണം കുറച്ചു. സീനിയർ സെക്കൻഡറി സ്കൂളുകൾക്ക് 2,400 ചതുരശ്ര മീറ്ററും സെക്കൻഡറി സ്കൂളുകൾക്ക് 1,600 ചതുരശ്ര മീറ്ററും സ്ഥലം മതിയാകുമെന്നാണ് പുതിയ നിയമത്തിലുള്ളത്. മുൻപ് 3200 മുതൽ 4000 ചതുരശ്ര മീറ്ററിൽ കൂടുതൽ ഭൂ വിസ്തീ‍ണം വേണമെന്നായിരുന്നു നിബന്ധന.

സ്കൂൾ കാമ്പസിനുള്ളിൽ തന്നെ കളിസ്ഥലം നിർബന്ധമായിരുന്നെങ്കിൽ ഇനി മുതൽ 200 മീറ്റർ ചുറ്റളവിലുള്ള പൊതു പാർക്കുകളോ സ്റ്റേഡിയങ്ങളോ കോളേജ് മൈതാനങ്ങളോ 15 വർഷത്തേക്ക് പാട്ടത്തിനെടുത്ത് കളിസ്ഥലമായി ഉപയോഗിക്കാൻ അനുമതിയുണ്ട്. ഒപ്പം സിബിഎസ്ഇ അഫിലിയേഷന് സംസ്ഥാന സർക്കാരുകളുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നിർബന്ധമെന്ന വ്യവസ്ഥയും ഒഴിവാക്കിയിരുന്നു. സരൾ പോർട്ടലിൽ നല്കുന്ന അപേക്ഷയ്ക്ക് എതിർപ്പില്ലെങ്കിൽ നിശ്ചിത സമയത്തിനു ശേഷം എൻഒസി കിട്ടിയതായി കണക്കാക്കും. രാജ്യത്തുടനീളം സിബിഎസ്ഇ സ്കൂളുകൾക്കായുള്ള ആവശ്യകത ഏറുന്ന സാഹചര്യത്തിലാണ് ഈ മാറ്റങ്ങൾ വരുന്നതെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News