യൂറോ കപ്പിനിടെ ഫോട്ടോയും സ്റ്റാറ്റസും ലൈവ് അപ്ഡേറ്റുമായി സോഷ്യയിൽ മീഡിയയിൽ സജീവമായിരുന്നു ഹാരി
മോസ്ക്കോ: സോഷ്യൽ മീഡിയയിലെ ലോകകപ്പ് ആവേശത്തിൽ ഇംഗ്ലണ്ടിന്‍റെ ആരാധകരാണ് മുന്നിൽ. എന്നാൽ ലോകകപ്പ് തുടങ്ങിയതിനു ശേഷം സോഷ്യൽ മീഡിയയോട് തൽക്കാലത്തേക്ക് വിട പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ടിന്‍റെ നായകന്‍.
ആരാധകർ, താരങ്ങളുടെ ഭാര്യമാർ, കാമുകിമാർ, ഗാലറിയിലായാലും സോഷ്യൽ മീഡിയയിലായാലും ഇംഗ്ലണ്ടിനെ പിന്തുണയ്ക്കാൻ വൻ പടയാണുള്ളത്. എന്നാൽ എല്ലാവരും മത്സരിച്ച് പിന്തുണയ്ക്കുന്ന ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയ്ൻ തൽക്കാലത്തേക്ക് സോഷ്യൽ മീഡിയയിൽ നിന്ന് അകലം പാലിച്ചിരിക്കുകയാണ്.
കാരണമെന്തെന്നല്ലേ. യൂറോ കപ്പിനിടെ ഫോട്ടോയും സ്റ്റാറ്റസും ലൈവ് അപ്ഡേറ്റുമായി സോഷ്യയിൽ മീഡിയയിൽ സജീവമായിരുന്നു ഹാരി. അവസാനം ടീം പ്രീക്വാർട്ടറിൽ പുറത്ത്. സോഷ്യൽ മീഡിയ ജ്വരം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യയിലും സ്ഥിതി മറിച്ചാവില്ലെന്ന് തിരിച്ചറിഞ്ഞ ഹാരി കളിയിൽ മാത്രം ശ്രദ്ധിക്കാൻ തീരുമാനിച്ചു.
ഫലമോ, 2006 നു ശേഷമുള്ള ടീമിന്‍റെ ക്വാർട്ടർ പ്രവേശനവും ഗോൾഡൻ ബൂട്ട് പട്ടികയിലെ ഹാരിയുടെ ഒന്നാംസ്ഥാനവും. എന്നാൽ കൂട്ടുകാരി കേറ്റി സാൻഡ്വുഡിന് ഇതൊന്നും പ്രശ്നമല്ല. ഹാരി മാറി നിൽക്കുന്നതിന്‍റെ കുറവ് നികത്താൻ ടീമിനെക്കുറിച്ചും ഹാരിയുടെ പ്രകടനത്തെക്കുറിച്ചുമുള്ള അപ്ഡേറ്റുകളുമായി മറ്റാരേക്കാളും മുമ്പെ സോഷ്യൽ മീഡിയയിൽ എത്തുന്നത് കേറ്റിയാണ്.
