ചണ്ഡീഗഡ്: ഹരിയാനയിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ, ബിജെപി നേതാവ് സുഭാഷ് ബറേലയുടെ മകൻ വികാസ് ബറേലയെ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ വികാസിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ച രാവിലെ പതിനൊന്നിനു മുമ്പായി സ്റ്റേഷനില്‍ ഹാജരാവാണമെന്ന് വികാസ് ബറാലയോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുര്‍ന്ന് ഇന്ന് പതിനൊന്നുമണിയോട് സ്റ്റേഷനിലെത്തിയ ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന ശനിയാഴ്ച്ച തന്നെ വികാസ് ബറേലയെ പൊലീസ് അറസ്റ്റ് ചെയ്തുവെങ്കിലും ഗൗരവതരമല്ലാത്ത കുറ്റങ്ങള്‍ ചുമത്തി ജാമ്യത്തില്‍ വിട്ടിരുന്നു.

വികാസ് ബറാലയും സുഹൃത്തും പെണ്‍കുട്ടിയെ കാറില്‍ പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ, ഇവരെ വീണ്ടും ചോദ്യം ചെയ്തിരുന്നു. വിഷയം പാര്‍ലമെന്‍റില്‍ ഉള്‍പ്പെടെ പ്രതിപക്ഷം ആയുധമാക്കിയതോടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടുകയും ചെയ്തു. അന്വേഷണം ഊര്‍ജിതമാണെന്നും പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ വ്യക്തമാക്കയതിനും പിന്നാലെയാണ് വികാസിന്റെ അറസ്റ്റ്.

രാത്രി വീട്ടിലേക്ക് മടങ്ങുന്ന തന്നെ വികാസ് ബരേലയും സുഹൃത്ത് ആഷിഷ് ബരേലയും പിന്തുടര്‍ന്നെത്തി തട്ടികൊണ്ടു പോകാനും ആക്രമിക്കാനു ശ്രമിച്ചുവെന്ന് പരാതിക്കാരി പൊലീസിന് മൊഴി നല്‍കിയിരുന്നു. കേസില്‍ യുവതി വിശദമായ മൊഴി നല്‍കിയിട്ടും തട്ടികൊണ്ടുപോകല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ക്കാത്തതിനെ തുടര്‍ന്ന് പൊലീസിന് വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു