ചണ്ഡിഗഢ്: ഹരിയാനയിലെ സിനിമാ പ്രേമികള്‍ക്ക് സിനിമ കാണണമെങ്കില്‍ ഇനി പശുനികുതിയും നല്‍കണം. സിനിമാ ടിക്കറ്റിന്മേല്‍ അഞ്ചു ശതമാനം പശുസെസ് ഏര്‍പ്പെടുത്താനാണ് ബി.ജെ.പി സര്‍ക്കാറിന്‍റെ തീരുമാനം. നിലവില്‍ 20 ശതമാനം വിനോദനികുതിയാണ് ഈടാക്കുന്നത്. ഇതിനൊപ്പം പശുനികുതി കൂടി ചേരുന്നതോടെ ടിക്കറ്റ് നിരക്കില്‍ വര്‍ധനയുണ്ടാകും.
മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ രൂപവത്കരിച്ച പശുസേവാ കമീഷന്‍റെ ശുപാര്‍ശപ്രകാരമാണ് പശുസെസ് ഏര്‍പ്പെടുത്തുന്നത്. പശുസംരക്ഷണത്തിനായി നിരവധി നിയമങ്ങള്‍ സംസ്ഥാനത്ത് അടുത്തകാലത്ത് നടപ്പിലാക്കിയരുന്നു. ഗോമാംസം കൈയില്‍ വെക്കുന്നത് കുറ്റമാക്കി നിയമം കൊണ്ടുവന്നതും പശുക്കടത്ത് തടയാന്‍ മുന്നൂറംഗ ദൗത്യസേന രൂപവത്കരിച്ചതും അടുത്തകാലത്താണ്.
പശുക്കളെ കടത്തുന്നതോ കൊല്ലുന്നതോ പോലുള്ള സംഭവങ്ങൾ അറിയിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോൾ റൂമും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ലഭിക്കുന്ന വിവരങ്ങൾ പൊലീസിനു കൈമാറുകയും പൊലീസ് പ്രദേശത്തേക്ക് പ്രത്യേക സംഘങ്ങളെ അയയ്ക്കുകയും ചെയ്യും. പശുക്കടത്തു തടയാന്‍ റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു പരിശോധന നടത്തുന്നതിനും സംവിധാനമുണ്ട്.
ഹരിയാന ഗോവംശ സംരക്ഷൺ ആൻഡ് ഗോസംവർദ്ധന നിയമം പ്രകാരം പശുക്കടത്തിന് 10 വർഷം വരെയാണ് ശിക്ഷ. ഫരീദാബാദിൽ പശുക്കളെ കടത്തിയവരെ ഗോ രക്ഷക് ദൾ പ്രവർത്തകർ ചാണകം കഴിപ്പിക്കുന്നതിന്റെ വിഡിയോ ദൃശ്യം കഴിഞ്ഞ ദിവസം വൈറലായിരുന്നു.
