ചണ്ടിഗഢ്: ഇളയസഹോദരനെ കൊലപ്പെടുത്തി കിടക്കയ്‌ക്കടിയിലെ പെട്ടിയിൽ ഒളിപ്പിച്ച പത്തൊമ്പതുകാരി അറസ്റ്റിലായി. ഹരിയാനയിലെ റോത്തക്കിലാണ് സംഭവം. ചഞ്ചൽ റാണിയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. പതിനഞ്ചുവയസുകാരനായ അനുജൻ ധ്രുവിനെ ചുറ്റികയ്‌ക്ക് അടിച്ചും കത്തികൊണ്ട് വെട്ടിയുമാണ് ചഞ്ചൽ കൊലപ്പെടുത്തിയത്. ചഞ്ചലിന്റെ പ്രണയബന്ധത്തെ എതിര്‍ത്തതിന് പ്രതികാരമായാണ് കൊല നടത്തിയതെന്ന് അവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ചഞ്ചലിന്റെപ്രണയത്തെച്ചൊല്ലി ഇരുവരും തമ്മിലുള്ള വാക്‌തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പിന്നീട് പൊലീസ് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തതിൽനിന്നാണ് ചഞ്ചലാണ് കൊല നടത്തിയതെന്ന് വ്യക്തമായത്. മകനെ കാണാനില്ലെന്ന് കാട്ടി അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തത്. ചഞ്ചലിനെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.