ദില്ലി: നാഷണൽ ഹെറാൽഡ് ദിനപത്രത്തിന് 2005ൽ  ഭൂമി കൈമാറിയ കേസിൽ ഹരിയാന സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. ബിജെപി രാഷ്ട്രീയ വേട്ടയാടൽ നടത്തുകയാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഇതിനിടെ അഗസ്റ്റാ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിൽ ശിക്ഷിക്കപ്പെട്ട ഫിൻമെക്കാനിക്ക മേധാവി ഗസിപോ ഒർസിയുടെ ശിക്ഷ ഇറ്റലിയിലെ സുപ്രീം കോടതി മരവിപ്പിച്ചു.

ഹരിയാനയിലെ പഞ്ച്കുലയിൽ 2005ൽ ഹരിയാന നഗരവികസന അതോറിറ്റി നാഷണൽ ഹെറാൽഡ് ദിനപത്രത്തിന്‍റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന് ഭൂമി കൈമാറിയതിനെക്കുറിച്ച നേരത്തെ വിജിലൻസ് അന്വേഷിച്ചിരുന്നു. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ ഉൾപ്പടെയുള്ളവർ ക്രമക്കേട് നടത്തി എന്നാണ് പ്രാഥമികമായി കണ്ടെത്തിയത്. 

ഉന്നത നേതാക്കൾക്കും ഇതിൽ പങ്കുണ്ടെന്ന നിഗമനത്തിലാണ് കേസ് സിബിഐക്ക് വിടാൻ ഹരിയാന സർക്കാർ തീരുമാനിച്ചത്. അതേ സമയം ബിജെപി കേസ് രാഷ്ട്രീയ വേട്ടയാടലിന് ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. റോബർട്ട് വധ്രയുടെ കമ്പനി രാജസ്ഥാനിലെ ബിക്കാനീറിൽ ഭൂമി വാങ്ങിയ കേസിലും അന്വേഷണ ഏജൻസി നീക്കങ്ങൾ ശക്തമായി. ഇടപാട് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്‍റ് ഡറക്ടറേറ്റ് നല്കിയ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വധ്രയുടെ കമ്പനി നല്കിയ ഹർജി രാജസ്ഥാൻ ഹൈക്കോടതി തള്ളി.