ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിനും ഹരിയാനയിലെ മനോഹര്‍ലാൽ കട്ടാര്‍ സര്‍ക്കാരിനും ഒരുപോലെ തിരിച്ചടിയായി. ഗുര്‍മീത് റാം റഹീം സിംഗിന്‍റെ ശിക്ഷയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ ആൾ ദൈവങ്ങൾക്കെതിരെ ശക്തമായ നിലപാടെടുക്കാൻ ഇപ്പോഴത്തെ സാഹചര്യം ബി.ജെ.പിയെ നിര്‍ബന്ധിതരാക്കും.
മാറ്റം വാഗ്ദാനം ചെയ്ത് അധികാരത്തിൽ എത്തിയ നരേന്ദ്ര മോദിക്ക് ഗുര്‍മീത് റാം റഹീം സിംഗിന്‍റെ കേസിലെ വിധിക്ക് ശേഷമുള്ള സംഭവ വികാസങ്ങൾ വൻ പ്രതിഛായ നഷ്ടമാണ് ഉണ്ടാക്കിയത്. ഹരിയാനയിലെ മനോഹര്‍ലാൽ കട്ടാര്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതും ബി.ജെ.പിക്ക് തലവേദനയാണ്. ഹരിയാനയിലെ സംഭവങ്ങൾ ഇന്ത്യ വൻ ശക്തിയായി മാറുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രചരണത്തെയും ഖണ്ഡിക്കുന്നതാണ്. തിരിച്ചടി മനസ്സിലാക്കിയാണ് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും പ്രധാനമന്ത്രിയുടെ ഓഫീസും കഴിഞ്ഞ രണ്ടുദിവസവും അക്രമങ്ങൾ ഒഴിവാക്കാൻ നേരിട്ട് ഇടപെടേണ്ടിവന്നത്.
ദില്ലിയിലെ ഭവാനയിൽ ഇന്ന് പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലം വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പാര്‍ടി അജയ്യമാണെന്ന ബി.ജെ.പി വിലയിരുത്തലിന് വിരുദ്ധമാണ്. ഹിമാചലിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാളിച്ചകൾ പാര്‍ടിക്ക് ചര്‍ച്ച ചെയ്യേണ്ടിവരും. ആൾ ദൈവങ്ങളോട് കാട്ടുന്ന സമീപനത്തിലും രാഷ്ട്രീയ പാര്‍ടികളെ മാറ്റത്തിന് പ്രേരിപ്പിക്കുന്നതാണ് ഇന്നത്തെ വിധി.
2007ൽ പഞ്ചാബ് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ ഗുര്‍മീത് റാം റഹീമിനെതിരെയുള്ള കേസന്വേഷണം ദുര്‍ബലപ്പെടുത്തിയെന്ന ആരോപണം നിലവിലുണ്ട്. വോട്ടിന് വേണ്ടി ആൾ ദൈവങ്ങളെയും ബാബമാരെയും പ്രീണിപ്പിക്കുന്ന നിലപാടിനെതിരെ ജനരോക്ഷം ഉയരാൻ ഈ കേസ് ഇടയാക്കി.
റാം റഹീമിന്‍റെ അനുയായികളെ ഹരിയാന പഞ്ചാബ് സര്‍ക്കാരുകളിൽ പല പദവികളിലും തിരുകി കയറ്റാൻ ദേര സച്ച സൗദക്ക് കഴിഞ്ഞിരുന്നു. ഈ അവിശുദ്ധ കൂട്ടുകെട്ടിനുള്ള തെളിവുകൾ ഓരോന്നായി പുറത്തുവരാനും ഇന്നത്തെ സാഹചര്യത്തിന് ശേഷം ഇടയാക്കും.
