ദില്ലി: ഹരിയാന ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ഭരാലയുടെ മകന്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തം. ചണ്ഡിഗഢില്‍, ഹരിയാന ബിജെപി അധ്യക്ഷന്‍ സുഭാഷ് ഭരാലയുടെ മകന്‍ വികാസ് ഭരാല(23)യും സുഹൃത്തുമാണ് പെണ്‍കുട്ടിയ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കാറില്‍ സഞ്ചരിച്ചിരുന്ന പെണ്‍കുട്ടിയെ പിന്തുടര്‍ന്നായിരുന്നു ഉപദ്രവിക്കാന്‍ ശ്രമിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും നിസ്സാരകുറ്റം ചുമത്തി പൊലീസ് ജാമ്യം അനുവദിച്ചതിനെതിരെയാണ് സംസ്ഥാനത്ത് പ്രതിഷേധം ശക്തമായത്.
തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചതിന് കുറ്റം ചുമത്താത്തത് ബിജെപി സര്‍ക്കാരിന്റെ രാഷ്‌ട്രീയ സമ്മര്‍ദ്ദം മൂലമാണെന്നും സുഭാഷ് ഭരാല രാജിവയ്‌ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രാഷ്‌ട്രീയ സമ്മര്‍ദ്ദമില്ലെന്ന് വിശദീകരിച്ച പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം കൂടുതല്‍ നടപടികളെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം, രാത്രിയില്‍ പെണ്‍കുട്ടി എന്തിനാണ് പുറത്ത് പോയതെന്നും പെണ്‍കുട്ടിയുടെ വീട്ടുകാരാണ് സംഭവത്തില്‍ കുറ്റക്കാരെന്നുമായിരുന്നു ഹരിയാന ബിജെപി ഉപാധ്യക്ഷന്‍ രാംവീര്‍ ബാട്ടിയുടെ വിവാദപരാമര്‍ശം.
അതിനിടെ ഹരിയാനയിലെ ഫത്തേബാദിലെ ബിജെപി കൗണ്‍സിലര്‍ ദര്‍ശന്‍ നാഗ്പാലല്‍ തടഞ്ഞു നിര്‍ത്തിയ ആംബുലന്‍സിലെ രോഗി മരിച്ചു. ഗുരുരാവസ്ഥയിലുള്ള രോഗിയുമായി ആശുപത്രിയില്‍ പോകുന്നതിനിടെ കാറില്‍ ആംബുലന്‍സ് ഇടിച്ചുവെന്ന് ആരോപിച്ചാണ് പിന്തുടര്‍ന്നെത്തിയ ബിജെപി നേതാവ് അരമണിക്കൂറോളം ആംബുലന്‍സ് തടഞ്ഞിട്ടത്. ദര്‍ശന്‍ നാഗ്പാലിനെതിരെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ആശുപത്രിയിലെത്തുന്നതിന് മുന്‍പ് ചികിത്സ കിട്ടാതെ രോഗി മരിച്ചിരുന്നു. 15 മിനുറ്റ് മുന്‍പ് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ നവീന്‍ സോണിയെ രക്ഷപെടുത്താന്‍ സാധിക്കുമായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായും ബന്ധുക്കള്‍ പറഞ്ഞു.
