കുവൈത്ത് രാഷ്ട്രീയ ചരിത്രം പരാമര്‍ശിക്കുമ്പോള്‍ ഇനി അവഗണിക്കാനാവാത്ത പേരാണ് സാഫാ അബ്ദുള്‍ റഹ്മാന്‍ അല്‍ ഹാഷിം. കുവൈത്ത് പാര്‍ലമെന്റിലേക്ക് ഹാട്രിക് വിജയം നേടിയതോടെയാണ് സാഫ ചരിത്രത്തില്‍ ഇടംപിടിച്ചത്.
ഇന്നലെ നടന്ന പതിനഞ്ചാമത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സാഫാ അബ്ദുല്‍ റഹ്മാന്‍ അല്‍ ഹാഷിമിന്റെ വിജയത്തിന് കേവലം ഹാട്രിക്കിന്റെ മാത്രം തിളക്കമല്ല ഉള്ളത്. അമ്പതംഗ പാര്‍ലമെന്റിലെ ഏക വനിത കൂടിയാണ് സാഫ. മലയാളി ബന്ധം മനസ്സില്‍ സൂക്ഷിക്കുന്ന സാഫയുടെ രാജ്യപുരോഗതിക്കുതകുന്ന ആശയങ്ങളാണ് പാര്‍ലമെന്റിന്റെ ചരിത്രത്തിലെ നാഴികക്കല്ലാവുന്ന വിജയം സമ്മാനിച്ചത്.
2012, 2013 പാര്‍ലമെന്റുകളിലെ അംഗമായിരുന്നു സഫാ. എന്നാല്‍, തന്റെ നിലപാടുകളോടെ യോജിക്കാതെ വന്ന തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് ഒരു വര്‍ഷം കഴിഞ്ഞ് രാജി വച്ച് പുറത്ത് പോയി. ആദ്യ തെരഞ്ഞെടുപ്പില്‍ അടിപതറിയെങ്കിലും തന്റെ നാലാം അങ്കത്തില്‍ മൂന്നാം മണ്ഡലത്തില്‍നിന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടി പത്തില്‍ അഞ്ചാം സ്ഥാനമാണ് കരസ്ഥമാക്കിയിരിക്കുന്നത്.
രാജ്യത്തെ ജനങ്ങളില്‍ കൂടുതലും സ്ത്രീകളും യുവജനങ്ങളുമാണ്. ഇവരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് തന്റെ പ്രവര്‍ത്തനമെന്ന് നേരത്തെ പ്രചാരണ വേളയില്‍'ഏഷ്യാനെറ്റ് ന്യൂസിന്' നല്കിയ അഭിമുഖത്തില്‍ ഇവര്‍ വ്യക്തമാക്കിയിരുന്നു. സാഫയുടെ അഞ്ച് തലമുറയ്ക്ക് മുമ്പുള്ള മുത്തശ്ശി കേരളത്തില്‍ നിന്നുള്ളതാണ്. കേരളത്തെ ഏറെ ഇഷ്ടപ്പെടുന്ന സാഫ ഇടയക്ക് സന്ദര്‍ശനം നടത്താറുമുണ്ട്.
