ചെറുപ്പക്കാരാണ് ഇത്തരം വീടുകള്‍ വാങ്ങാന്‍ കൂടുതല്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത് 

വീട് വാങ്ങാന്‍ നോക്കുമ്പോള്‍ ആളുകള്‍ ആദ്യം ഒഴിവാക്കുന്നവയാണ് ദുര്‍മരണങ്ങള്‍, ആത്മഹത്യ, അപകട മരണങ്ങള്‍ എന്നിവ ഉണ്ടായിട്ടുള്ള വീടുകള്‍. ഇത്തരം കെട്ടിടങ്ങള്‍ പ്രത്യേകിച്ചും പഴക്കം ചെന്നവ കൂടി ആണെങ്കില്‍ എത്ര വില കുറച്ചു നല്‍കാം എന്ന് പറഞ്ഞാല്‍ പോലും വിറ്റു പോകാത്ത അവസ്ഥയാണ് സാധാരണ കണ്ടുവരാറ്. 

എന്നാല്‍ ഒരിടത്ത് മാത്രം ഈയിടെയായി പ്രേതഭവനങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡ് ആണ്. ഹോങ്ങ്കോങ്ങിലാണ് ഇത്തരം കെട്ടിടങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിയത്. 

പ്രേതബാധയുള്ള വിറ്റ്‌ പോകാന്‍ മുന്‍പ് ബുദ്ധിമുട്ട് നേരിട്ടിരുന്ന ഭവനങ്ങള്‍ക്കാണ് ആവശ്യക്കാരേറെ. കഴിഞ്ഞ വര്‍ഷം വരെ 20 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ വിറ്റു പോയിരുന്ന കെട്ടിടങ്ങള്‍ക്കാണ് ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെ.

കഴിഞ്ഞ ഒരുവര്‍ഷമായി ഇവിടെ വസ്തുവിന്‍റെ വിലയില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ഇതേ തുടര്‍ന്നാണ് ആളുകള്‍ പ്രേതങ്ങളെ അവഗണിച്ചു തുടങ്ങിയത്. വിലക്കുറവില്‍ ലഭിക്കും എന്നതിനാല്‍ ഇത്തരം വീടുകള്‍ക്ക് ആവശ്യക്കാര്‍ ഏറുകയായിരുന്നു. ചെറുപ്പക്കാരാണ് പ്രേതബാധയുള്ള ഭവനങ്ങള്‍ അന്വേഷിച്ചു കൂടുതലായും എത്തുന്നത്. ദുര്‍മരണമോ കൊലപാതകമോ ഒന്നും ഇവര്‍ കാര്യമാക്കുന്നില്ല. 

ആവശ്യക്കാര്‍ ഏറിയതോടെ സാഹചര്യം മുതലെടുക്കാന്‍ വസ്തു ബ്രോക്കര്‍മാരും മാര്‍ഗങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. പ്രേതഭവനങ്ങള്‍ക്ക് റിയല്‍ എസ്റ്റേറ്റ്‌ വെബ്സൈറ്റുകളില്‍ പരസ്യം വന്നു തുടങ്ങിയിരിക്കുന്നു. അതായത് വീടന്വേഷിക്കുന്നവര്‍ക്ക് വെബ്സൈറ്റുകളില്‍ പ്രേതഭവനങ്ങള്‍ തിരയാനുള്ള ഓപ്ഷന്‍ ഇപ്പോള്‍ ലഭ്യമാണ്.

എന്നാല്‍ ആവശ്യക്കാര്‍ കൂടുന്നതനുസരിച്ച് ഇത്തരം കെട്ടിടങ്ങള്‍ക്ക് മുന്‍പ് നല്‍കിയിരുന്നത്ര വിലക്കുറവു ഇപ്പോള്‍ ലഭിക്കുന്നില്ല. കഴിഞ്ഞ വര്‍ഷം 50 ശതമാനം വില കുറച്ചു കിട്ടുമായിരുന്ന കെട്ടിടങ്ങള്‍ക്ക് ഇപ്പോള്‍ 10 ശതമാനം മാത്രമാണ് വിലക്കുറവുള്ളത്.