ഇനിയൊരമ്മയ്ക്ക് ഈ അനുഭവം ഉണ്ടാവാതിരിക്കാൻ കടുത്ത ശിക്ഷ വേണമെന്നും ഉദയകുമാറിന്റെ അമ്മ
തിരുവനന്തപുരം: കൂടെ നിന്നവർക്ക് നന്ദി പറഞ്ഞ് ഉദയകുമാറിന്റെ അമ്മ. കോടതിയിൽ വിശ്വാസമുണ്ടായിരുന്നെന്നും ഇനിയൊരമ്മയ്ക്ക് ഈ അനുഭവം ഉണ്ടാവാതിരിക്കാൻ കടുത്ത ശിക്ഷ വേണമെന്നും ഉദയകുമാറിന്റെ അമ്മ പറഞ്ഞു.
കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത പോരാട്ടത്തിനൊടുവിലാണ് ഉദയകുമാറിന്‍റെ അമ്മ പ്രഭാവതിക്ക് നീതി ലഭിക്കുന്നത്. നീണ്ട പതിമൂന്ന് വർഷമാണ് നിയമപോരാട്ടങ്ങളുമായി അവർ കോടതി കയറിയിറങ്ങിയത്.
തിരികെവരാമെന്ന് പറഞ്ഞ് പോയതാണ് മകൻ ഉദയകുമാർ. പക്ഷെ തിരികെ വന്നത് ഏക മകന്‍റെ ജീവനില്ലാ ശരീരമാണ്. കേസ് അന്വേഷണവും അറസ്റ്റുമൊക്കെ നടന്നപ്പോൾ കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന് അമ്മ പ്രതീക്ഷിച്ചു. പക്ഷെ പ്രധാന സാക്ഷികളെല്ലാം വിചാരണയ്ക്കിടെ കൂറുമാറി.
കരഞ്ഞ് തീർത്ത ദിനങ്ങൾക്കപ്പുറം പ്രഭാവതിഅമ്മ മകന് നീതികിട്ടാൻ രംഗത്തിറങ്ങി. വിചാരണ ഘട്ടത്തിലെത്തിയ കേസിൽ വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് കോടതികൾ കയറി. ഒടുവിൽ സിബിഐ അന്വേഷണമെന്ന ആവശ്യം ഹൈക്കോടതി കോടതി അംഗീകരിക്കുകയായിരുന്നു.
