തിരുവനന്തപുരം: മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് എന്‍സിപിയുമായി ചര്‍ച്ച നടന്നിട്ടില്ലെന്ന് കോവൂര്‍ കുഞ്ഞുമോന്‍. എന്നാല്‍ എന്‍സിപി തന്നെ മന്ത്രിയാക്കാന്‍ ശ്രമിക്കുന്നതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും സംഭവം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും കോവൂര്‍ കുഞ്ഞുമോന്‍ വിശദമാക്കി. 

അതേസമയം ബാലകൃഷ്ണപ്പിള്ളയെയും ഗണേഷിനെയും തള്ളിയ എൻസിപി കോവൂർ കുഞ്ഞുമോനെ പാർട്ടിയിലേക്കെത്തിച്ച് മന്ത്രിയാക്കാൻ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ചർച്ച നടത്തിയിട്ടില്ലെന്ന് കോവൂർ കുഞ്ഞുമോൻ വിശദീകരിച്ചപ്പോൾ എൻസിപി അനൗദ്യോഗികമായി ആവശ്യം മുന്നോട്ട് വെച്ചതായി ആർഎസ്പി ലെനിനിസ്റ്റ് സെക്രട്ടറി പറഞ്ഞു. 

ഗണേഷിനെ മന്ത്രിയാക്കാനുള്ള സംസ്ഥാന പ്രസിഡണ്ട് ടിപി പീതാംബരന്റെ നീക്കം ശശീന്ദ്രനും തോമസ് ചാണ്ടിയും ഒരുമിച്ചെതിർത്താണ് അട്ടിമറിച്ചത്. രാജ്യത്തൊരിടത്തും പാർട്ടിക്ക് മന്ത്രിയില്ലാതിരിക്കെ കേരളത്തിൽ മന്ത്രി വേണമെന്ന് കഴിഞ്ഞ ദിവസവും ശരത് പവാർ കേരള നേതാക്കളോട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കോവൂർ കുഞ്ഞുമോനെ കൊണ്ടുവരാനുള്ള ശ്രമം. ചാണ്ടി പക്ഷം ഇതിന് മുൻകൈ എടുക്കുമ്പോൾ ശശീന്ദ്രൻ അനുകൂലിക്കുന്നില്ല.

കുഞ്ഞുമോനുമായി ചർച്ച നടത്തി ഈ മാസം അവസാനം പവാറിനെ വീണ്ടും കണ്ട് തീരുമാനമെടുക്കാനാണ് ചാണ്ടി വിഭാഗത്തിന്റെ ശ്രമം. എൽഡിഎഫ് നേതൃത്വും പിന്തുണക്കുമെന്നാമ് പ്രതീക്ഷ. ചർച്ച നടത്തിയിട്ടില്ലെന്ന് കുഞ്ഞുമോൻ നിഷേധിച്ചു. പക്ഷെ എൻസിപിക്ക് താല്പര്യമുണ്ടെന്ന് അറിയാമെന്ന് പാർട്ടി സെക്രട്ടറി പറഞ്ഞു.