കോഴിക്കോട്: ജനജാഗ്രത യാത്രക്കിടെ കോടിയേരിബാലകൃഷ്ണൻ സ്വർണക്കടത്ത് പ്രതിയുടെ വാഹനത്തിൽ യാത്രചെയ്തതോടെ കൊടുവള്ളിയിലെ ഹവാല സ്വർണകടത്ത് മാഫിയകളും ചർച്ചയാകുകയാണ്. കേരളത്തിലെ ഹവാല ഇടപാടിന്‍റെയും സ്വർണകള്ളകടത്തിന്‍റെയും കേന്ദ്രമാണ് കൊടുവള്ളി. ഇതിലധികവും എത്തുന്നത് കരിപ്പൂർ വിമാനത്താവളം വഴിയാണ്.

കരിപ്പൂർ വിമാനതാവളത്തിലെ കസ്റ്റംസ് വിഭാഗം ഏറ്റവും ഒടുവിൽ പുറത്ത് വിട്ട കണക്കുകളനുസരിച്ച് ആറ് മാസത്തിനുള്ളിൽ കരിപ്പൂർ വിമാനതാവളത്തിൽ പിടികൂടിയത് 21 കിലോയിലധികം സ്വർണമാണ്. ആകെ 70 ൽ അധികം കേസുകൾ. 10 പ്രതികളെ പിടിക്കൂടി. സ്വർണത്തിന്‍റെ മൂല്യം 7 കോടിയോളം വരും . പിടികൂടിയതിന്‍റെ അഞ്ചിരട്ടിയെങ്കിലും കള്ളകടത്ത് നടക്കുന്നുണ്ടെന്ന് കള്ളകടത്ത് സംഘങ്ങളുമായി ബന്ധമുള്ളവർ സാക്ഷ്യപെടുത്തുന്നു. വരുന്ന സ്വർണത്തിലധികവും പോകുന്നത് കൊടുവള്ളിയിലേക്കാണ്. കടത്തിന് പിന്നിൽ രാഷ്ട്രീയ ഉദ്യോഗസ്ഥ മാഫിയാ ബന്ധം ഉണ്ടെന്ന് പകൽപോലെ വ്യക്തം.

ഹവാല മാഫിയ കൊടുവള്ളിയിൽ മാത്രമൊതുങ്ങുന്നില്ല. താമരശ്ശേരി , വടകര, കുന്ദമംഗലം മേഖലകളിലെല്ലാം കേന്ദ്രീകരിച്ച് കിടക്കുന്നു.സ്ഥിതി ഇങ്ങിനെ ആണെങ്കിലും ജനപ്രതിനിധികളടക്കം ഇത്തരം പ്രവണതകളെ ന്യായീകരിക്കുന്ന സാഹചര്യങ്ങളാണ് ഉള്ളത്. ...കേസിൽ പെടുന്നവരും രാഷ്ട്രീയകാരും തമ്മിലുള്ള ബന്ധം എല്ലായിപ്പോഴും ചർച്ചയാകാറുണ്ട്.ടിപി കേസിൽ അറസ്റ്റിലായ ഇപ്പോഴത്തെ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനനെ സന്ദർശിക്കാൻ സ്വർണകടത്ത് കേസ് പ്രതി ഫയാസ് ജയിലിലെത്തിയത് വലിയ വിവാദമായിരുന്നു.കാരാട്ട് ഫൈസൽ നേരത്തെ ലീഗ് നേതാക്കൾക്കൊപ്പം വേദി പങ്കിട്ടത് ഇപ്പോഴത്തെ വിവാദങ്ങളെ നേരിടാൻ സിപിഎമ്മും ഉയർത്തി കാട്ടുന്നു. ഇരു മുന്നണികളും ഒരേ പോലെ പ്രതിരോധത്തിലാകുമെന്നതിനാൽ തന്നെ പരാതികളിൽ അന്വേഷണങ്ങൾ നടക്കാറുമില്ല.