ലിയോണല്‍ മെസി നയിക്കുന്ന അര്‍ജന്റീന സെമിയില്‍ പ്രവേശിക്കും.

മോസ്‌കോ: ലാറ്റിനമേരിക്കന്‍ ശക്തികളായ ബ്രസീല്‍ റഷ്യന്‍ ലോകകപ്പില്‍ സെമിയില്‍ പോലുമെത്തില്ലെന്ന് ബെല്‍ജിയം താരം ഈഡന്‍ ഹസാര്‍ഡിന്റെ പ്രവചനം. എന്നാല്‍ ലിയോണല്‍ മെസി നയിക്കുന്ന അര്‍ജന്റീന സെമിയില്‍ പ്രവേശിക്കും. ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ബെല്‍ജിയം ചാംപ്യന്മാരാവുകയും ചെയ്യും.

ഇങ്ങനെയാണ് ചെല്‍സി വിങ്ങറുടെ പ്രവചനം. പ്രമുഖ ഫുട്‌ബോള്‍ ആപ്പായ ആള്‍ ഫുട്‌ബോള്‍ നടത്തുന്ന പ്രവചനത്തിലാണ് ഹസാര്‍ഡ് തന്റെ അഭിപ്രായം പുറത്ത് വിട്ടത്. ഇസ്റ്റഗ്രാമില്‍ തന്റെ ഒഫിഷ്യല്‍ അക്കൗണ്ടിലൂടെ താരം അത് പുറംലോകത്തെ അറിയിക്കുകയും ചെയ്തു. ഗ്രൂപ്പ് ജിയില്‍ ഇംഗ്ലണ്ടും ബെല്‍ജിയവും ഒരുമിച്ചാണ് മത്സരിക്കുന്നത്. പനാമ, ടുണീസിയ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് എതിരാളികള്‍. 

ഗ്രൂപ്പ് ചാംപ്യന്മാരായെത്തുന്ന ബെല്‍ജിയം ക്വാര്‍ട്ടറില്‍ ബ്രസീലിനെ തോല്‍പ്പിക്കുമെന്നും ഹസാര്‍ഡ് പറയുന്നു. സെമിയില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചാണ് റോബര്‍ട്ടോ മാര്‍ട്ടിനെസിന്റെ ബെല്‍ജിയം കലാശക്കളിക്ക് യോഗ്യത നേടുക. അതേസമയം ഇംഗ്ലണ്ട് ജര്‍മനിയെ തോല്‍പ്പിച്ച് സെമിയിലെത്തും. ക്വാര്‍ട്ടറില്‍ അര്‍ജന്റീന സ്‌പെയ്‌നിനേയും മറികടക്കും. സെമിയില്‍ ഇംഗ്ലണ്ടിനാണ് ജയം. ബെല്‍ജിയം- ഇംഗ്ലണ്ട് ഫൈനലും റഷ്യയില്‍ നടക്കും.