മേയ് ഒന്നിന് നടക്കാനിരിക്കുകന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ പരീക്ഷയില്‍ പെണ്‍കുട്ടികള്‍ക്ക് ശിരോവസ്‌ത്രം ധരിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ശിരോവസ്‌ത്രം ധരിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണെന്നും അതുകൊണ്ടുതന്നെ അത് തടയേണ്ട യാതൊരു കാര്യവും ഇപ്പോള്‍ ഇല്ലെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ അധ്യക്ഷതയിലുള്ള അവധിക്കാല ബഞ്ച് നിരീക്ഷിച്ചു.

ശിരോവസ്‌ത്രം ധരിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമാണെന്ന് കാണിച്ച് തൃശ്ശൂര്‍ പാവറട്ടി സ്വദേശിയായ വിദ്യാര്‍ത്ഥിനി അംന ബഷീര്‍ നല്‍കിയ ഹരജിലാണ് കോടതിയുടെ ഉത്തരവ്. ക്രമക്കേടുകള്‍ തടയുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ വര്‍ഷം മുതല്‍ അഖിലേന്ത്യാ പ്രവേശന പരീക്ഷയ്‌ക്ക് വസ്‌ത്ര ധാരണത്തിലടക്കം സിബിഎസ്ഇ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ശിരോവസ്‌ത്രം ധരിക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേശത്തിനെതിരെ വിവിധ മുസ്‍ലിം സംഘടനകള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നെങ്കിലും ഇത് പിന്‍വലിക്കാന്‍ സിബിഎസ്ഇ തയ്യാറായിരുന്നില്ല.