കൊച്ചി: കോടതിയെ ചാരി ബാറുകളെല്ലാം തുറക്കാന്‍ നീക്കം നടത്തിയ സര്‍ക്കാറിന് ഹൈക്കോടതിയില്‍ നിന്നും കിട്ടിയത് കനത്ത തിരിച്ചടി. കോടതിയുമായി ഏറ്റുമുട്ടാനില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെങ്കില്‍ പരിശോധിക്കുമെന്നും എക്‌സൈസ് മന്ത്രി പ്രതികരിച്ചു. പാതയുടെ പദവിയില്‍ അന്തിമ വിധി വൈകുന്നത് സര്‍ക്കാറിന്റെ പുതിയ മദ്യനയപ്രഖ്യാപനവും നീളാനിടയാക്കും.
എല്ലാം കോടതി പറഞ്ഞിട്ടെന്ന് വിശദീകരിച്ച് പൂട്ടിയ മദ്യശാലകള്‍ തുറക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. ബാറുടമകള്‍ ഹാജരാക്കിയ ദേശീയ പാതാ പദവിയിലെ വിജ്ഞാപനത്തില്‍ സര്‍ക്കാര്‍ നിശ്ശബദ്ധത പാലിച്ചു. പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്ന ഉത്തരവിന്റെ മറയാക്കി എല്ലാം തുറന്നുകൊടുത്തതാണ് വിനയായത്. കള്ളം പിടിച്ചതോടെയാണ് കോടതയില്‍ സര്‍ക്കാര്‍ തെറ്റ് ഏറ്റ് പറഞ്ഞത്. അപ്പീലിനൊന്നും പോകേണ്ടെന്ന നിയമോപദേശം നല്‍കിയ എജിയുടെ നിലപാടും ദുരൂഹമാണ്. ഇന്നലെ കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം ഉണ്ടായതോടെ കൂടുതല്‍ തിരിച്ചടി ഒഴിവാക്കാന്‍ പാതയോരത്തെ തുറന്ന മദ്യശാലകള്‍ പൂട്ടി.
മദ്യനയം തീരുമാനിക്കാന്‍ നിര്‍ണ്ണായക എല്‍ഡിഎഫ് യോഗം നാളെ ചേരാനിരിക്കെ കോടതി പരാമര്‍ശത്തില്‍ സര്‍ക്കാര്‍ കടുത്ത പ്രതിരോധത്തിലായി. പാതകളുടെ പദവിയിലെ അന്തിമതീരുമാനം നീളുന്നതിനാല്‍ അടച്ച മദ്യശാലകള്‍ തുറക്കുന്നകാര്യം ഉടന്‍ തീരുമാനിക്കാനാകില്ല. ചുരുക്കത്തില്‍ പാതയോരത്തെയും മറ്റുള്ള സ്ഥലത്തെയും പൂട്ടിയ മദ്യശാലകളെല്ലാം തിടുക്കത്തില്‍ തുറക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ വെട്ടിലായി.
