കൊച്ചി: മതം മാറിയ യുവതിയുടെ വിവാഹം മാതാപിതാക്കളുടെ സാന്നിദ്ധ്യമില്ലെന്ന കാരണത്താല്‍ ഹൈക്കോടതി റദ്ദാക്കി. മാതാപിതാക്കളുടെ സാന്നിദ്ധ്യമില്ലാത്ത വിവാഹം സാധുവല്ലാത്തതാണെമന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. വൈക്കം സ്വദേശിനി അഖിലയെന്ന ഹാദിയയോടാണ് മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ കോടതി നിര്‍ദ്ദേശിച്ചത്. ജസ്റ്റിസുമാരായ കെ സുരേന്ദ്രമോഹന്‍, എബ്രഹാം മാത്യൂ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പറഞ്ഞത്. മകളെ ബലംപ്രയോഗിച്ച് ഐ എസില്‍ ചേര്‍ക്കാന്‍കൊണ്ടുപോയെന്നും, വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് അച്ഛന്‍ അശോകനാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെ കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനുമായി 2016 ഡിസംബര്‍ 19നാണ് പെണ്‍കുട്ടിയുടെ വിവാഹം നടന്നത്. പുത്തൂര്‍ ജുമാ മസ്ജിദ് ഖാദിയാണ് നിക്കാഹ് നടത്തിക്കൊടുത്തത്. ഇസ്ലാം മതത്തില്‍ ആകൃഷ്ടയായാണ് വീടു വിട്ടതെന്നും, ആരും തട്ടിക്കൊണ്ടുപോയതല്ലെന്നുമാണ് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞത്. എന്നാല്‍ മാതാപിതാക്കളുടെ സാന്നിദ്ധ്യമില്ലാത്ത വിവാഹം അസാധുവാണെന്നും നിലനില്‍ക്കുന്നതല്ലെന്നുമായിരുന്നു കോടതിയുടെ വിധി. പെണ്‍കുട്ടിയോട് മാതാപിതാക്കള്‍ക്കൊപ്പം പോകാനും കോടതി നിര്‍ദ്ദേശിച്ചു.
ഇതുകൂടാതെ പെണ്‍കുട്ടിയെ ഐ എസില്‍ ചേര്‍ക്കുന്നതിനുവേണ്ടി തടഞ്ഞുവെച്ചു എന്ന പിതാവിന്റെ പരാതി അന്വേഷിക്കണമെന്ന് കോടതി, ഡിജിപിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മതംമാറ്റവുമായി ബന്ധപ്പെട്ട് വിവാദത്തിലായ മഞ്ചേരിയിലെ സത്യസരണി എന്ന സ്ഥാപനത്തെക്കുറിച്ചും അന്വേഷിക്കണം. ഇക്കാര്യങ്ങളിലെ അന്വേഷണം എത്രയുംവേഗം പൂര്‍ത്തിയാക്കി കുറ്റവാളികളുണ്ടെങ്കില്‍ നിയമത്തിന് മുന്നില്‍ക്കൊണ്ടുവരണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നേരത്തെ അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥന് വീഴ്‌ച പറ്റിയിട്ടുണ്ടെങ്കില്‍ വകുപ്പ് തല നടപി എടുക്കണമെന്നും കോടതി വിധിയില്‍ പറയുന്നുണ്ട്.
