കൊച്ചി: പാറ്റൂര്‍ കേസില്‍ ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഊഹാപോഹങ്ങൾ ആണ് വസ്തുതകൾ ആയി അവതരിപ്പിക്കുന്നതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ജേക്കബ് തോമസ് ഒഴികെ മറ്റുള്ളവർ അഴിമതിക്കാരെന്നാണ് അദ്ദേഹം ലോകായുക്തയിൽ നൽകിയ റിപ്പോർട്ട് വായിച്ചാൽ തോന്നുന്നതെന്നും കോടതി നിരീക്ഷിച്ചു.
കേസ് എടുക്കുന്നതിനു മുൻപ് വിജിലൻസ് ഡിവൈഎസ്പി സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ട് അടുത്ത ബുധനാഴ്ച ഹാജരാക്കാനും ഹൈക്കോടതി നിർദേശം നൽകി. പാറ്റൂർ ഭൂമിയിടപാട് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷൺ സമർപ്പിച്ച ഹര്‍ജി പരിഗണിക്കവെ ആണ് വിമര്‍ശനം. പാറ്റൂർ കേസിലെ ഭൂമി പതിവ് രേഖകൾ അപൂർണ്ണമാണ് എന്ന് വിജിലൻസ് ഡയറക്ടർ ആയിരിക്കെ ജേക്കബ് തോമസ് ലോകായുക്തയിൽ റിപ്പോർട്ട് നൽകിയിരുന്നു.
ഇതിന്മേൽ ഹൈക്കോടതി ജേക്കബ് തോമസിനെ വിളിച്ചു വരുത്തി വിശദീകരണം തേടിയിരുന്നു.നേരത്തെയും ജേക്കബ് തോമസിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. കേസിൽ റിപ്പോർട്ട് ഹാജരാക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും ഹാജരാക്കിയില്ലെന്നായിരുന്നു നേരത്തെ വിമര്‍ശിച്ചത്. ഭൂപതിവ് രേഖ വ്യാജമെന്ന് ജേക്കബ് തോമസ് അറിയിച്ചിരുന്നു. ഇതിന്മേൽ വിശദീകരണം ആവശ്യപ്പെട്ടിട്ടും നൽകുന്നില്ലെന്ന് കോടതി. റിപ്പോർട്ട് നൽകാമെന്ന് പറഞ്ഞിട്ടും ഇതുവരെ നൽകാത്ത ജേക്കബ് തോമസിന്‍റെ നടപടി ശരിയല്ലെന്ന് കോടതി.
