സോഷ്യൽ ഓഡിറ്റ് നടത്താൻ ഹൈക്കോടതി ഉത്തരവ് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം

കൊച്ചി: മധുവിന്‍റെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ അട്ടപ്പാടിയിലെ ആദിവാസി ക്ഷേമമ പദ്ധതികളില്‍ സോഷ്യല്‍ ഓഡിറ്റ് നടത്താന്‍ ഹൈക്കോടതി ഉത്തരവ്. പാലക്കാട് ജില്ലാ ലീഗല്‍ സര്‍വ്വീസ് അഥോറിറ്റി ചെയര്‍മാനും സെക്രട്ടറിക്കുമാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.

ചീഫ് ജസ്റ്റിസ് ആന്‍റണി ഡൊമനിക് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്‍റെതാണ് ഉത്തരവ്. മധുവിന്‍റെ മരണശേഷം ഹൈക്കോടതിയിലെ ലീഗല്‍ സര്‍വ്വീസ് അഥോറിറ്റി ചുമതലയുള്ള ജസ്റ്റിസ് സുരേന്ദ്ര മോഹന്‍റെ കത്ത് പരിഗണിച്ച് ഡിവിഷന്‍ ബഞ്ച് സ്വമേധയാ കേസെടുത്തിരുന്നു. അമിക്യസ് ക്യൂറിയെയും നിയോഗിച്ചു. ഇടക്കാല റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഇവയായിരുന്നു. അട്ടപ്പാടിയിലെ ആദിവാസികള്‍ക്കായി വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ നടപ്പാക്കിയ പദ്ധതികള്‍ അവരിലെത്തിയില്ല. 

അഴിമതിക്കാരായ രാഷ്ട്രീയ- ഉദ്യോഗസ്ഥ കൂട്ടുകെട്ടിനെ തൊടാന്‍ നിലവിലുള്ള സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല. ആദിവാസി ഭൂമി വീണ്ടെടുക്കല്‍ കടലാസിലൊതുങ്ങി. സോഷ്യല്‍ ഓഡിറ്റ് വേണം. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സോഷ്യല്‍ ഓഡിറ്റിന് കോടതി ഉത്തരവിട്ടത്. ആദിവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ ഗുണകരമായോ എന്നും പരിശോധിക്കണം. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരുമാസമാണ് കോടതി പാലക്കാട് ലീഗല്‍ സര്‍വ്വീസ് അഥോറിറ്റി ചെയര്‍മാനും സെക്രട്ടറിയ്ക്കും അനുവദിച്ചിരിക്കുന്നത്.