ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രവാളിനോട് പതിനായിരം രൂപ പിഴയടക്കാന്‍ കോടതി ഉത്തരവിട്ടു. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റലി നല്‍കിയ രണ്ടാമത്തെ അപകീര്‍ത്തി കേസില്‍ മറുപടി നല്‍കാത്തുകൊണ്ടാണ് പിഴയടക്കാന്‍ ദില്ലി കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം അരവിന്ദ് കേജ്‌രിവാളിന്റെ അഭിഭാഷക സ്ഥാനത്ത് നിന്നും മുതിര്‍ന്ന അഭിഭാഷകന്‍ രാംജത് മലാനി പിന്‍വാങ്ങി. കേജ്‌രിവാളിനെതിരെ അരുണ്‍ ജയ്റ്റ്‌ലി നല്‍കിയ മാനനഷ്ടകേസ് വാദിച്ചിരുന്നത് രാംജത് മലാനിയായിരുന്നു. വിചാരണയ്ക്കിടെ രാംജത് മലാനി, ജയ്റ്റ്‌ലിയെ ക്രിമിനല്‍ എന്ന് വിളിച്ചിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പരാമര്‍ശം നടത്തുന്നതിന് തന്റെ അഭിഭാഷകനോട് ആവശ്യപെട്ടിട്ടില്ലെന്ന് പിന്നീട് കേജ്‌രിവാള്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് അഭിഭാഷക സ്ഥാനത്ത് നിന്നും താന്‍ പിന്‍വാങ്ങുന്നതെന്ന് മലാനി അറിയിച്ചത്. തന്റെ ഫീസായ രണ്ട് കോടി രൂപ ഉടന്‍ നല്‍കണമെന്നും രാംജത് മലാനി ആവശ്യപ്പെട്ടിട്ടുണ്ട്.