ജയ്പൂര്‍: ആശ്രമത്തില്‍ 21 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ രാജസ്ഥാന്‍ കാരനായ ആള്‍ദൈവം ഫലഹാരി ബാബയക്കെതിരെ ഞെട്ടിക്കുന്ന പരാതികള്‍. ആചാരത്തിന്റെ ഭാഗമായി അയാളുടെ നാവില്‍ തേന്‍ ഉപയോഗിച്ച് എഴുതി അത് നുണയാന്‍ ആവശ്യപ്പെട്ടതായി യുവതി മൊഴി നല്‍കി. 

വിശദമായ എഫ്.ഐ.ആര്‍ ആണ് ബാബയക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിയമ വിദ്യാര്‍ഥിനിയായ യുവതി ഇന്റേണ്‍ഷിപ്പിലൂടെ ലഭിച്ച പണം രക്ഷിതാക്കളുടെ നിര്‍ദ്ദേശ പ്രകാരം ആശ്രമത്തിലെത്തിക്കാന്‍ എത്തിയതായിരുന്നു. ആഗ്‌സ്ത് ഏഴിന് ആശ്രമത്തിലെത്തിയ യുവതിയോട് രാത്രി അവിടെ തങ്ങാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് രാത്രി പെണ്‍കുട്ടിയെ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡനത്തിനിരയാക്കുകയായിരുന്നു. 

തേന്‍ ഉപയോഗിച്ച് 'ഓം' എന്ന് നാവില്‍ എഴുതf, അത് പെണ്‍കുട്ടിയോട് നുണയാനാണ് ബാബ ആവശ്യപ്പെട്ടത്. എന്നാല്‍ തയ്യാറാകാതിരുന്ന യുവതിയെ ഇയാള്‍ നിര്‍ബന്ധിച്ചു. പീഡനത്തിനിരയാക്കിയ ശേഷം ജഡ്ജിയടക്കമുള്ള നിരവധി ഉന്നതരെ ഞാന്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും എന്നാല്‍ അവരോടൊന്നും സഹായത്തിന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും ബാബ ഭീഷണിപ്പെടുത്തി. ഞാന്‍ എല്ലാം ചെയ്യുന്നത് ദൈവത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്നായിരുന്നു ബാബ യുവതിയോട് പറഞ്ഞത്. 

പീഡനത്തിന് ശേഷം ആണ്‍കുട്ടികളില്‍ നിന്ന് അകന്ന് ജീവിക്കണമെന്നും അവര്‍ തെറ്റായ വഴികളിലേക്ക് നയിക്കുമെന്നും ബാബ ഉപദേശിച്ചതായും എഫ്.ഐ.ആറില്‍ പറയുന്നു. ഇക്കാര്യം ആരോടെങ്കിലും തുറന്നു പറഞ്ഞാല്‍ അതിന്റെ പരിണിതഫലം വളരെ വലുതായിരിക്കുമെന്ന് പറഞ്ഞും ബാബ ഭീഷണിപ്പെടുത്തി. ബാബയുടെ ഭീഷണിക്ക് വഴങ്ങി സംഭവം പുറത്ത് പറയാന്‍ പെണ്‍കുട്ടി ഭയപ്പെട്ടിരുന്നു. 

ദേര സച്ച സൗദ തലവന്‍ ഗൂര്‍മീത് സിങ് സമാന സംഭവത്തില്‍ ശിക്ഷിക്കപ്പെട്ടതോടെയാണ് പരാതി നല്‍കാന്‍ കുടുംബത്തിന് ധൈര്യം ലഭിച്ചതെന്നും എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നുണ്ട്. അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പ് രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബാബയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ബാബ പൂര്‍ണ ആരോഗ്യവാനാണെന്ന് കണ്ടെത്തിയതോടെ അറസ്്റ്റ് ചെയ്യുകയായിരുന്നു.ഫലങ്ങള്‍ ഭക്ഷിക്കുന്ന ആളാണ് എന്ന വാദത്തെ തുടര്‍ന്നാണ് കൗശലേന്ദ്ര പ്രപ്പനാചാര്യ ഫളഹാരി മഹാരാജ്, ഫലഹാരി ബാബ എന്നറിയപ്പെട്ടത്.