ഇവരെ സ്വന്തമാക്കാന്‍ കഴിയാതെ വന്നതിലുള്ള നിരാശയാണ് ശൈലജ ദ്വിവേദിയെ കൊലപ്പെടുത്താന്‍ കാരണമായതെന്ന് പൊലീസ്

ദില്ലി: ദില്ലിയില്‍ കരസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന സംഭവത്തിന് പ്രചോദനമായത് കരസേനാ മേജര്‍ നിഖില്‍ ഹണ്ടയ്ക്ക് സഹപ്രവര്‍ത്തകന്റെ ഭാര്യയോടുള്ള അമിതമായ താല്‍പര്യമെന്ന് പൊലീസ്. അവരെ സ്വന്തമാക്കാന്‍ കഴിയാതെ വന്നതിലുള്ള നിരാശയാണ് മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ശൈലജ ദ്വിവേദിയെ കൊലപ്പെടുത്താന്‍ കാരണമായതെന്ന് പൊലീസ് വെളിപ്പെടുത്തി. 

ശനിയാഴ്ചയാണ് വെസ്റ്റ് ദില്ലിയിലെ കന്റോണ്‍മെന്റ് മെട്രോ സ്റ്റേഷന് സമീപം മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ശൈലജ ദ്വിവേദിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാവിലെ 10 മണിയോടെ ഫിസിയോ തെറാപ്പി ചികിത്സക്കായി ശൈലജ സൈനിക വാഹനത്തില്‍ ബേസ് ആശുപത്രിയിലേക്ക് പോയിരുന്നു. 

ഇവരെ തിരികെ വിളിക്കാന്‍ ആശുപത്രിയിലേക്ക് വാഹനവുമായി പോയ ഡ്രൈവര്‍ ശൈലജയെ കണ്ടെത്താന്‍ കഴിയാതെ ആശുപത്രിയില്‍ അന്വേഷിച്ചു. ഫിസിയോതെറാപ്പി ചികിത്സക്കായി ആശുപത്രിയില്‍ എത്തിയിട്ടില്ലെന്ന മറുപടിയാണ് രേഖകള്‍ പരിശോധിച്ച ശേഷം ആശുപത്രി അധികൃതര്‍ നല്‍കിയത്. ഇതോടെ ഡ്രൈവര്‍ തിരികെ പോയി ഭര്‍ത്താവിനെ വിവരം അറിയിച്ചു. 

ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം റോഡരികില്‍ അജ്ഞാത മൃതദേഹം കിടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി മേജര്‍ അമിത് ദ്വിവേദി വൈകുന്നേരം നാല് മണിയോടെ പൊലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് മൃതദേഹം അദ്ദേഹത്തെ കാണിക്കുകയും അദ്ദേഹം തിരിച്ചറിയുകയുമായിരുന്നു. അറസ്റ്റിലായ മേജര്‍ നിഖിലിന്‍റെ വാഹനത്തില്‍ കൊല്ലപ്പെട്ട ദിവസം യുവതിയെ കണ്ടതായി പൊലീസ് തെളിവ് കിട്ടിയിരുന്നു. ഇതേതുന്നായിരുന്നു അറസ്റ്റ്. നാഗാലാന്റില്‍ ജോലിച്ചെയ്യുന്ന നിഖിലിനെ മീററ്റില്‍ നിന്നാണ് പിടികൂടിയത്. യുവതിയുടെ ഭ‍ര്‍ത്താവും നിഖിലും ഒന്നിച്ച് ജോലി ചെയ്തിരുന്നു.