Asianet News MalayalamAsianet News Malayalam

ജേക്കബ് വടക്കഞ്ചേരിക്ക് 4 ലക്ഷം പിഴ; കേസ് കൊടുത്ത തിലകാനന്ദന്‍ പറയുന്നത്

Healer fined Rs 4 lakh for patients death at Kozhikode
Author
First Published Jan 4, 2018, 3:37 PM IST

കോഴിക്കോട്: കഴിഞ്ഞ ദിവസമാണ് പ്രകൃതി ചികില്‍സകന്‍ ജേക്കബ് വടക്കഞ്ചേരിക്ക് ചികില്‍സ പിഴവിന്‍റെ പേരില്‍ നാലുലക്ഷം രൂപ ഉപഭോക്തൃ തര്‍ക്ക ഫോറത്തിന്റെ വിധി വന്നത്. കോഴിക്കോട് സ്വദേശി 2005 നവംബര്‍ 11ന് അഡ്വ. സി. വിജയാനന്ദന്‍ ജേക്കബ് വടക്കുംഞ്ചേരിയുടെ കൊച്ചിയിലെ പ്രകൃതി ചികിത്സ കേന്ദ്രത്തില്‍ വെച്ചാണ് മരിച്ചത്. തുടര്‍ന്ന് 2007 ലാണ് സി. വിജയാനന്ദന്‍റെ സഹോദരനും കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജിലെ അസോസിയേറ്റ് പ്രൊഫസറുമായ തിലകാനന്ദന്‍ ഉപഭോക്തൃ തര്‍ക്ക ഫോറത്തിനെ സമീപിക്കുന്നത്.

കേസിന്‍റെ നാള്‍വഴികള്‍ സംബന്ധിച്ച് തിലകാനന്ദന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു, ഈ വിധി സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍  വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍ പ്രധാനമായും ഉയര്‍ന്ന ചോദ്യം എന്തുകൊണ്ട് നരഹത്യയ്ക്ക് കേസ് കൊടുത്തില്ല എന്നതാണ്, ഇത് സംബന്ധിച്ച് തിലകാനന്ദന്‍ പറയുന്നത് ഇങ്ങനെ. 2005 നവംബര്‍ 7നാണ് സഹോദരനെ ജേക്കബ് വടക്കുംഞ്ചേരിയുടെ കൊച്ചിയിലെ പ്രകൃതി ചികിത്സ കേന്ദ്രത്തില്‍ എത്തിക്കുന്നത്, പിന്നീട് നവംബര്‍ 11ന് മരണ വിവരം ലഭിച്ചു. അന്ന് പ്രായമായ അച്ഛനും അമ്മയും മാത്രമായിരുന്നു വീട്ടില്‍. എറണാകുളത്ത് തന്നെ പോസ്റ്റ്മോര്‍ട്ടം ചെയ്ത് ക്രിമിനില്‍ കേസ് കൊടുക്കാമായിരുന്നു, എന്നാല്‍ അന്നത്തെ മാനസികാവസ്ഥയില്‍ ഒരു ക്രിമിനല്‍ കേസ് കൊടുക്കാനുള്ള അവസ്ഥയിലായിരുന്നില്ല.

ജേക്കബ് വടക്കഞ്ചേരിയുടെ വാക്കുകേട്ടത് വിഡ്ഢിത്തമായി. ജീവന്‍ നഷ്ടപ്പെട്ടിട്ട് നഷ്ടപരിഹാരം ഞങ്ങള്‍ക്ക് വേണ്ടായിരുന്നില്ല. ഞാനും അമ്മയും അച്ഛനും സഹോദരിയും ഒരു രൂപ വീതമാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്

തിരക്കുള്ള ഒരു വക്കീലായിരുന്നു അഡ്വ. സി. വിജയാനന്ദന്‍ പ്രമേഹത്തിന് കുറച്ച് നാളായി ചികിത്സയിലായിരുന്നു. നേരത്തെ അള്‍സറും ബാധിച്ചിരുന്നു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലായിരുന്നു. അദ്ദേഹത്തിന് ഇത്തരം ചികിത്സാരീതിയോട്  താല്പര്യമുണ്ടായിരുന്നില്ല. എന്‍റെ താല്‍പ്പര്യത്തിലായിരുന്നു ചികില്‍സ. പ്രകൃതി ചികില്‍സ സംബന്ധിച്ച് താല്‍പ്പര്യമുണ്ടായിരുന്നതിനാല്‍ കോഴിക്കോട് ടൗണ്‍ ഹാളിലെ ജേക്കബ് വടക്കുംഞ്ചേരിയുടെ പ്രഭാഷണ പരമ്പര കേള്‍ക്കുകയുണ്ടായി, ഇതിനെ തുടര്‍ന്ന് കൊച്ചിയില്‍ വെച്ച് നടന്ന നാച്യുറോപ്പതിയുടെ ഇന്റര്‍നാഷണല്‍ സെമിനാറിലും പങ്കെടുത്തിരുന്നു. മേനകാഗാന്ധിയായിരുന്നു സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. 

ഇവിടെ വച്ചാണ്  ജേക്കബ് വടക്കുംഞ്ചേരിയുടെ അടുത്ത് സഹോദരനെ ചികില്‍സിക്കാം എന്ന് തീരുമാനിച്ചത്. സഹോദരനെ കോഴിക്കോട്ടെ ക്ലിനിക്കില്‍ വരുമ്പോള്‍ ചികിത്സിക്കാമെന്ന് തീരുമാനിച്ചത്. എന്നാല്‍ പിന്നീട് വടക്കുംഞ്ചേരിയുമായി ബന്ധപ്പെട്ടപ്പോള്‍ കൊച്ചിയില്‍ ചികില്‍സിക്കാം എന്ന് പറഞ്ഞു.പ്രമേഹം പൂര്‍ണ്ണമായും ഭേദമാക്കാമെന്ന് വടക്കഞ്ചേരി ഉറപ്പു നല്‍കിയിരുന്നു. തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സക്കായി പോകാനും തീരുമാനിച്ചു. കൊച്ചിയിലെ ക്ലിനിക്കിലെത്തിയപ്പോള്‍ വി.എസ് അച്യുതാനന്ദന്‍ ഇപ്പോള്‍ പോയതേയുള്ളൂവെന്ന് അശുപത്രി അധികൃതര്‍ പറഞ്ഞതായും തിലകാനന്ദന്‍ പറഞ്ഞു. കൂടാതെ സുകുമാര്‍ അഴീക്കോടായിരുന്നു ആശുപത്രിയുടെ ബ്രാന്‍റ് അംബാസിഡര്‍.

ജേക്കബ് വടക്കഞ്ചേരിക്കോ, അയാളുടെ ആശുപത്രിക്കോ ഒരു ഇസിജി പോലും നോക്കി പറയാന്‍ അറിയില്ലെന്നതാണ് ശരി, കുറ്റബോധം തോന്നിയത് കൊണ്ടാണ് കേസിന് പോയത്. ജേക്കബ് വടക്കഞ്ചേരിയുടെ വാക്കുകേട്ടത് വിഡ്ഢിത്തമായി.


ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നാലാം ദിവസം വിജയാനന്ദന്‍ മരിച്ചു. തലേദിവസം വിളിച്ചപ്പോള്‍ ശാരീരിക അസ്വസ്ഥതകളുള്ളതായി തിലകാനന്ദനെ അറിയിച്ചിരുന്നു. യോഗ ചെയ്യുന്നതിനായി മുകളിലെ നിലയിലേക്ക് കയറുന്നതിലും പ്രയാസം നേരിട്ടിരുന്നു. പിന്നീടാണ് ഒരു സത്യം അറിയുന്നത് ആശുപത്രിയിലേക്ക് പോകും മുന്‍പ് സഹോദരന്‍ ഇസിജി എടുത്തിരുന്നു. അത് എന്നാല്‍ വീട്ടുകാരെ കാണിച്ചില്ല. അത് കാണിച്ചത് ജേക്കബ് വടക്കുംഞ്ചേരിയുടെ ആശുപത്രിയിലെ ഡോക്ടറെയാണ് ഒരു പ്രശ്നവും ഇല്ലെന്നാണ് അയാള്‍ പറഞ്ഞത്. എന്നാല്‍ ചേട്ടന്‍റെ മരണശേഷം ഒരു ഡോക്ടറെ പഴയ ഇസിജി കാണിച്ചു. അന്ന് ഡോക്ടര്‍ പറഞ്ഞത് നവംബര്‍ 3നോ നാലിനോ സഹോദരന് ഒരു മൈനര്‍ ഹൃദയാഘാതം ഉണ്ടായിരുന്നു എന്നാണ്.

മരണശേഷം മയോ കാര്‍ഡിയാക് ഇന്‍ഫാക്ഷനാണ് മരണ കാരണമായി ജേക്കബ് വടക്കഞ്ചേരി പറഞ്ഞത്. നല്ല വില കൊടുത്ത് വാങ്ങിയ പച്ചക്കറി മാത്രമാണ് നല്‍കിയതെന്നും അറിയിച്ചു. ശാരീരിക ബുദ്ധിമുട്ടുകളുണ്ടായതായി ആശുപത്രിയില്‍ നിന്ന് അറിയിച്ചിരുന്നില്ലെന്നും വടക്കഞ്ചേരി പറഞ്ഞു.

അതായത് ജേക്കബ് വടക്കഞ്ചേരിക്കോ, അയാളുടെ ആശുപത്രിക്കോ ഒരു ഇസിജി പോലും നോക്കി പറയാന്‍ അറിയില്ലെന്നതാണ് ശരി, കുറ്റബോധം തോന്നിയത് കൊണ്ടാണ് കേസിന് പോയത്. ജേക്കബ് വടക്കഞ്ചേരിയുടെ വാക്കുകേട്ടത് വിഡ്ഢിത്തമായി. ജീവന്‍ നഷ്ടപ്പെട്ടിട്ട് നഷ്ടപരിഹാരം ഞങ്ങള്‍ക്ക് വേണ്ടായിരുന്നില്ല. ഞാനും അമ്മയും അച്ഛനും സഹോദരിയും ഒരു രൂപ വീതമാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. സഹോദരന്റെ ഭാര്യയും മകളും നാല് ലക്ഷം രൂപ വീതവും ആവശ്യപ്പെട്ടു. കോടതി ഇത്തരം വിഷയങ്ങളില്‍ ഇടപെടുന്നതിന് വേണ്ടിയത് കേസ്. മാതൃകാപരമായി ശിക്ഷിക്കപ്പെടണം. സമൂഹം ഇത്തരക്കാരെ തിരിച്ചറിയുകയും വേണം വിജയാനന്ദന്‍ പറയുന്നു.

ചിത്രത്തില്‍ - ജേക്കബ്  വടക്കഞ്ചേരിയും, മരണപ്പെട്ട അഡ്വ. സി. വിജയാനന്ദനും

Follow Us:
Download App:
  • android
  • ios