അനധികൃതമായി സര്‍വീസില്‍ നിന്നു വിട്ടു നില്‍ക്കുന്ന ഡോക്ടര്‍മാര്‍ അടക്കമുളള ജീവനക്കാരെ പിരിച്ചുവിടാന്‍ ആരോഗ്യ വകുപ്പ് നീക്കം തുടങ്ങി. 

തിരുവനന്തപുരം: അനധികൃതമായി സര്‍വീസില്‍ നിന്നു വിട്ടു നില്‍ക്കുന്ന ഡോക്ടര്‍മാര്‍ അടക്കമുളള ജീവനക്കാരെ പിരിച്ചുവിടാന്‍ ആരോഗ്യ വകുപ്പ് നീക്കം തുടങ്ങി. സര്‍വീസില്‍ നിന്നു വിട്ടു നില്‍ക്കുന്ന ജീവനക്കാര്‍ ജനുവരി 15നകം തിരികെ പ്രവേശിപ്പിക്കണമെന്നു വ്യക്തമാക്കി ആരോഗ്യ വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കി. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന 36 ഡോക്ടര്‍മാരെ പുറത്താക്കിയതിനു പിന്നാലെയാണ് ആരോഗ്യവകുപ്പ് വീണ്ടും നടപടിക്കൊരുങ്ങുന്നത്.

ഡോക്ടര്‍മാരും ആരോഗ്യവകുപ്പിലെ മറ്റ് ജീവനക്കാരും അനധികൃതമായി അവധിയില്‍ തുടരുന്നത് ചികില്‍സയെയും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് നടപടി കര്‍ശനമാക്കുന്നത്. സര്‍വീസില്‍ നിന്നും അനധികൃതമായി വിട്ടു നില്‍ക്കുന്ന ഡോക്ടര്‍മാരുള്‍പ്പെടെയുളള എല്ലാ ജീവനക്കാരും ജനുവരി 15ന് മുമ്പ് സര്‍വീസില്‍ തിരികെ പ്രവേശിക്കണമെന്ന് കാട്ടി ആരോഗ്യ വകുപ്പിന്‍റെ ചുമതലയുളള അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ സര്‍ക്കുലര്‍ പുറത്തിറക്കി. ഈ തീയതിക്ക് മുന്പ് ജോലിയില്‍ പ്രവേശിക്കാന്‍ രേഖാമൂലം സന്നദ്ധത അറിയിക്കുന്നവര്‍ക്ക് ബോണ്ടുകള്‍ അടക്കമുളള വ്യവസ്ഥകള്‍ക്കും അച്ചടക്ക നടപടിക്കും വിധേയമായി നിയമനം നല്‍കും. ഇതിനു ശേഷവും അവധിയില്‍ തുടരുന്നവരെ പിരിച്ചുവിടാനാണ് തീരുമാനം.

 15 ന് ശേഷം അനധികൃതാവധിയില്‍ തുടരുന്നവരുടെ കണക്കടക്കമുളള വിശദാംശങ്ങള്‍ സ്ഥാപനമേധാവികള്‍ സമാഹരിച്ച് ജനുവരി 31നകം വകുപ്പ് തലവന്‍മാര്‍ക്ക് സമര്‍പ്പിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പകര്‍ച്ച വ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും ജീവനക്കാരുടെ കുറവ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി വ്യക്തമായ സാഹചര്യത്തില്‍ ഇനി വിട്ടുവീഴ്ച വേണ്ടെന്നാണ് തീരുമാനം. അനധികൃത അവധിയില്‍ പ്രവേശിച്ചവര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നു കാട്ടി നേരത്തെ സര്‍ക്കാര്‍ പത്ര പരസ്യം നല്‍കിയതിനെത്തുടര്‍ന്ന് വിദേശത്തും മറ്റു സ്വകാര്യ സ്ഥാപങ്ങളിലും ജോലി ചെയ്തിരുന്ന നിരവധി പേര്‍ തിരികെ എത്തിയിരുന്നു. തിരികെ എത്താത്ത 36 ഡോക്ടര്‍മാരെ പിരിച്ചുവിടുകയും ചെയ്തു. ഈ നടപടി എല്ലാ വര്‍ഷവും തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.