കവലകള്‍ തോറും കൂണുപോലെ മുളച്ചു പൊന്തുന്ന ഹെല്‍ത്ത് ക്ലബ്ബുകള്‍. മൂന്നും നാലും മാസത്തെ പരിശീലനത്തിനൊടുവില്‍ ആരിലും അസൂയ ഉളവാക്കുന്ന സിക്‌സ് പാക്കുമായി പുറത്തിറങ്ങുന്ന ചെറുപ്പക്കാര്‍. സാമാന്യബുദ്ധിക്ക് പോലും മനസ്സിലാക്കാന്‍ കഴിയാത്ത കാര്യം. എന്താണ് നമ്മുടെ ജിംനേഷ്യങ്ങളില്‍ സംഭവിക്കുന്നത്? വര്‍ഷങ്ങളായി ജിംനേഷ്യന്‍താരങ്ങള്‍ക്ക് പ്രോട്ടീന്‍ പൗഡര്‍ വില്‍പ്പന നടത്തുന്നതും ബോഡി ബില്‍ഡറുമായ ആളെയാണ് ആദ്യം ബന്ധപ്പെട്ടത്. പെട്ടെന്ന് കൊഴുത്തുരുണ്ട പേശിയുണ്ടാക്കുന്നത് എങ്ങിനെയെന്ന് ചോദിച്ചപ്പോഴാണ് സ്റ്റീറോയ്ഡ് ഇന്‍ജക്ഷനുകളെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. ഇത് നല്‍കാന്‍ മെഡിക്കല്‍ ഷോപ്പുകാരും തയ്യാറാണെന്ന് ഇദ്ദേഹം പറയുന്നു.

പിന്നെ ഏഷ്യാനെറ്റ് ന്യൂസ് സംഘം പോയത് വൈറ്റിലയിലെ പ്രശസ്തമായ ജിമ്മുകള്‍ക്ക് സമീപത്തെ മെഡിക്കല്‍ ഷോപ്പുകളിലേക്കായിരുന്നു. പന്തയക്കുതിരകള്‍ക്ക് നല്‍കുന്ന മെനബോള്‍ ഇഞ്ചക്ഷന്‍ ഉള്‍പ്പെടെ സ്റ്റെറോയ്ഡുകള്‍ ഇവിടങ്ങളില്‍ വില്‍ക്കുന്നുണ്ടോ എന്നുറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം. മെനബോള്‍ ഇഞ്ചക്ഷന് ചോദിച്ചപ്പോല്‍ സ്റ്റോക്കില്ലെന്ന് മറുപടി. മറ്റ് കമ്പനികളുടെ മരുന്ന് മതിയോ എന്ന് ചോദ്യം. ഡോക്ടറുടെ കുറിപ്പടി ഇല്ലാത്തതു കൊണ്ട് ബില്ല് തരില്ലെന്ന് മാത്രം. സസ്റ്റനോണ്‍, ടെസ്റ്റോവിറോണ്‍ എന്നിവയാണ് മെഡിക്കല്‍ സ്റ്റോറില്‍നിന്ന് ലഭിച്ചത്. അതായത് ഡോക്ടറുടെ കുറിപ്പടിയില്‍ മാത്രം നല്‍കേണ്ട ഉത്തേജക മരുന്നുകള്‍.
മെനബോള്‍ ഇഞ്ചക്ഷന്‍ തേടി മറ്റ് മെഡിക്കല്‍ ഷോപ്പുകളിലും തങ്ങളെത്തി. ഇഞ്ചക്ഷന്‍ ഇല്ല, മോനബോളിന്റെ ഗുളിക തരാമെന്ന് മറുപടി. രണ്ടിനും ഒരേ ഗുണം. ഗുളിക നല്‍കവേ ആരേയും ഞെട്ടിപ്പിക്കുന്ന ഉപദേശവും. കുട്ടികള്‍ ഇല്ലാത്തവരാണെങ്കില്‍ ഇത് ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമത്രെ. ഇത് ഉപയോഗിച്ചാല്‍ ബീജത്തിന്റെ എണ്ണം കുറയുമെന്നും മെഡിക്കല്‍ഷോപ്പുകാര്‍ പറഞ്ഞു.

ഒടുവില്‍ ഗുളിക വാങ്ങിപ്പോരാനോരുമ്പോള്‍ അടുത്ത ചോദ്യം. അഡ്വാന്‍സ് തന്ന് ബുക്ക് ചെയ്താല്‍ നാളെ മെനബോളിന്റെ ഇഞ്ചക്ഷന്‍ തരാമെന്ന് വാഗ്ദാനം. കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്കും ഉത്തേജകമരുന്നുകള്‍ കാരണമാകുമെന്ന് മെഡിക്കല്‍ വിദഗ്ദര്‍ സാക്ഷ്യപ്പെടുത്തുന്നു. ലിവര്‍ ക്യാന്‍സര്‍, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, ഹൃദയാഘാതം, സ്‌ട്രോക്ക് തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങളും ഉണ്ടാകും.

മാന്യമായി നടത്തുന്ന നിരവധി ജിംനേഷ്യങ്ങല്‍ നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി കുറുക്ക് വഴിയിലൂടെ മസില്‍ പെരുപ്പിക്കുന്ന ജിംനേഷ്യങ്ങളേയാണ് ചെറുപ്പക്കാര്‍ കൂടുതലും ആശ്രയിക്കുന്നത്. ഈ പ്രവണത അടിയന്തരിമായി അവസാനിപ്പിച്ചില്ലെങ്കില്‍ നിരവധി തലമുറകളോട് മാപ്പ് ചോദിക്കേണ്ടി വരും.

റിപ്പോര്‍ട്ട്- സലാം പി ഹൈദ്രോസ്

ക്യാമറ- രാജേഷ് തകഴി